തണല്‍ തേടിയെത്തുന്നവര്‍ ഇത്തിരിയൊന്നുമല്ല….. പക്ഷികള്‍ക്കായി വീട്ടുമുറ്റത്ത് വിരുന്നൊരുക്കി രവീന്ദ്രന്‍

Published by
Janam Web Desk

അധ്യാപകനായ രവീന്ദ്രന്‍ മാഷിന് വയനാട്ടില്‍ നിന്നും കണ്ണൂരിലേക്ക് സ്ഥലം മാറി എത്തിയപ്പോള്‍ മനസ്സില്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുളളൂ… തന്റെ വീട്ടുമുറ്റത്ത് എന്നും പക്ഷികള്‍ വിരുന്ന് എത്തണം… മുറ്റമാകെ പച്ചപ്പ് കൊണ്ടു നിറയ്‌ക്കണം… വീടിന്റെ ഉമ്മറത്ത് ചാരുകസേരയില്‍ കണ്ണടച്ചിരുന്നാല്‍ പക്ഷികളുടെ കളകള ശബ്ദം കാതില്‍ ഒഴുകി എത്തണം…. ഇതെല്ലാം  രവീന്ദ്രന്‍ സാധിച്ചെടുത്തു. അതു മാത്രമല്ല. വിരുന്നെത്തുന്ന പക്ഷികള്‍ക്കു വേണ്ടി രവീന്ദ്രന്‍ എല്ലാം കരുതി വച്ചു. വേനലിന്റെ കൊടും ചൂടില്‍ കരകയറാന്‍ നിരവധി പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കി. ഇതിനായി പുരയിടത്തില്‍ ഇരുപതിലേറെ മണ്‍ചട്ടികള്‍ തെങ്ങിന്റെയും കമുകിന്റെയും മുളയുടെയും കുറ്റികളില്‍ വെള്ളം നിറച്ചു വെച്ചു.  ദിവസവും ദാഹം അടക്കാനായി ഇവിടെയെത്തുന്ന പക്ഷികളുടെ എണ്ണം ചില്ലറയല്ല.

വയനാടിന്റെ ഭംഗിയും കുളിരും മനസ്സില്‍ നിന്നും വിട്ടു പോകാത്തതു കൊണ്ടാവാം തന്റെ പുരയിടം വൃക്ഷലദാതികള്‍ കൊണ്ട് നിറയ്‌ക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.  പഞ്ചാരപ്പൂവന്‍, ചുവന്ന ചാമ്പ, തോപ്പും കായ, ഇലഞ്ഞി, സപ്പോട്ട, സര്‍വ സുഗന്ധി, കറുവപ്പട്ട, മുട്ടപ്പഴം, സീതപ്പഴം, മാവ്, കശുമാവ് പ്ലാവ് തുടങ്ങി അവയ്‌ക്ക് ഭക്ഷിക്കാന്‍ ആവശ്യമായ എല്ലാം ഫലവൃക്ഷങ്ങളും ഈ വീട്ടുമുറ്റത്ത് സുലഭമാണ്. വിവിധ സീസണുകളിലായി 52 പക്ഷികളാണ് ഈ വീട്ടുമുറ്റത്തെ തണല്‍ തേടിയെത്തുന്നത്. കൂടാതെ ഓരോ വര്‍ഷവും കൃത്യമായ ദിവസങ്ങളില്‍ എത്തുന്ന പക്ഷികളും ഉണ്ട്.

പതിവായി ഇവിടെയെത്തുന്ന പക്ഷികൾക്ക് ചില ഓമനപ്പേരുകളും രവീന്ദ്രന്‍ നല്‍കിയിട്ടുണ്ട്. കൂടാതെ വീട്ടില്‍ വിരുന്നെത്തുന്ന പക്ഷികളുടെയെല്ലാം ചിത്രങ്ങള്‍ പകര്‍ത്തുകയും അവ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കരിങ്കാളി, കുയില്‍, ഓലഞ്ഞാലി, ആനറാഞ്ചി, നാട്ടുമൈന, മഞ്ഞക്കറുപ്പന്‍, പലതരം ബുള്‍ബുള്‍, കാടുമുഴക്കി, മഞ്ഞക്കിളി, തുന്നാരന്‍ കാട്ടിലെ കിളി തുടങ്ങി രവീന്ദ്രന്റെ വീട്ടുമുറ്റത്തെത്തുന്ന വിരുന്നുകാര്‍ ഏറെയാണ്. പരിസ്ഥിതി നിരീക്ഷണത്തിലും സംരക്ഷണത്തിലും തല്‍പരനായിരുന്ന രവീന്ദ്രന് പ്രകൃതിയുടെ അടുത്തു നില്‍ക്കുന്ന വയനാട്ടില്‍ നിന്നും കണ്ണൂരിലേക്ക് ഒരു മാറ്റം എന്നത് വളരെ വിഷമകരമായിരുന്നു എന്നാല്‍ ഇപ്പോള്‍ വയനാട്ടിലെ വീട്ടുമുറ്റത്തെ പ്രതീതിയാണ് കണ്ണൂരിലും അദ്ദേഹത്തിനുള്ളത്.

Share
Leave a Comment