ന്യൂഡൽഹി: രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത് കാർഷിക നിയമങ്ങൾക്കെതിരെ അതിർത്തിയിൽ പ്രതിഷേധിക്കുന്നവർ. സമരം നാല് മാസം പൂർത്തിയാക്കുന്ന മാർച്ച് 26നാണ് ഭാരത് ബന്ദ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരുമെന്നാണ് സംഘടനകളുടെ നിലപാട്. ജനാധിപത്യത്തിൽ ചർച്ചയിലൂടെ മാത്രമേ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകൂവെന്ന് കേന്ദ്രമന്ത്രിമാർ ആവർത്തിച്ച് പറയുമ്പോഴും നിയമം പിൻവലിക്കണമെന്ന ഒറ്റനിലപാടിലാണ് പ്രതിഷേധക്കാർ.
നിയമത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയ്യാറാണെന്ന് കേന്ദം പറയുമ്പോഴും നിയമം പിൻവലിക്കുകയല്ലാതെ മറ്റൊന്നും തങ്ങൾക്ക് ആവശ്യമില്ലെന്ന നിലപാടാണ് കർഷക സംഘടനകളെടുത്തത്. നേരത്തെ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന് കേന്ദ്രം സന്നദ്ധത അറിയിച്ചിരുന്നു.
കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും സംഘടനകളും തമ്മിൽ 11 തവണയാണ് ഇതുവരെ ചർച്ച നടത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് വിവിധ പ്രതിഷേധ സംഘടനകളും പിൻവലിക്കില്ലെന്ന് കേന്ദ്രവും നിലപാടെടുത്തതോടെ ചർച്ചകൾ നീണ്ട് പോകുകയായിരുന്നു.
















Comments