ന്യൂഡൽഹി: വിജയ് ഹസാരേ ട്രോഫിയിൽ ബാറ്റിംഗ് മികവിന്റെ നേട്ടം സ്വന്തമാക്കി പൃഥ്വി ഷോ. മുംബൈയുടെ നായകനായിട്ടാണ് ഈ സീസണിൽ ഏറ്റവും അധികം റൺസ് നേടുന്നതാരമായി പൃഥ്വി ഷോ മാറിയത്. മായങ്ക് അഗർവാളിന്റെ ഒരു സീസണിലെ ഏറ്റവും അധികം റൺസ് നേട്ടമാണ് പൃഥ്വി മറികടന്നത്. ഇതുവരെ ഷോ 754 റൺസാണ് കേവലം ഏഴു മത്സരങ്ങളിലായി അടിച്ചുകൂട്ടിയത്. മായങ്ക് അഗർവാൾ 2017-18 സീസണിൽ നേടിയ 723 റൺസ് എന്ന നേട്ടമാണ് പഴങ്കഥയായത്. സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമൻ മലയാളിയും കർണ്ണാടകയുടെ താരവുമായ ദേവ്ദത്ത് പടിക്കലാണ്. ദേവ്ദത്ത് ഇതുവരെ 673 റൺസാണ് നേടിയിരിക്കുന്നത്.
ഓസീസ് പര്യടനത്തിൽ ബാറ്റിംഗിൽ ദയനീയമായി പരാജയപ്പെട്ട താരമായിരുന്നു പൃഥ്വി ഷോ. ഈ സീസണിൽ വിജയ് ഹസാരേയിൽ മാത്രം പൃഥ്വി ഷോ നാല് സെഞ്ച്വറികളാണ് അടിച്ചത്. കർണ്ണാടകയ്‌ക്കെതിരെ രണ്ടാം സെമിയിൽ 79 പന്തിലാണ് പൃഥ്വി ഷോ സെഞ്ച്വറി നേടിയത്. കളിയിലാകെ 122 പന്തിൽ 165 റൺസാണ് ഷോ നേടിയത്. സൗരാഷ്‌ട്രയ്‌ക്കെതിരെ 185 റൺസ് നേടി ഷോ തകർത്തത് ലിസ്റ്റ് എ മത്സരങ്ങളിൽ ധോണിയും വിരാട് കോഹ്ലിയും സ്ഥാപിച്ച റെക്കോഡുകളായിരുന്നു. ഇരുവരും 183 റൺസാണ് നേടിയത്.
















Comments