തൃശൂർ: വാളയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. 14 ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളോട് സർക്കാരിന്റെ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതെന്ന് അമ്മ വിശദീകരിച്ചു
തന്റെ മക്കൾക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രിയുടെ കാല് പിടിച്ച് ആവശ്യപ്പെട്ടതാണ്. എന്നിട്ടും പിണറായി സർക്കാർ നീതി നിഷേധിച്ചു. അന്വേഷണം അട്ടിമറിച്ച പോലീസുകാർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. സ്ഥാനാർത്ഥി തീരുമാനത്തിന് മുൻപ് ധർമ്മടത്ത് പോയി. അവിടുത്തെ അമ്മമാരെ കണ്ടുവെന്നും സർക്കാരിന്റെ നീതികേട് വിവരിച്ചുവെന്നും വാളയാറിലെ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. തന്റെ മക്കൾക്ക് കിട്ടാത്ത നീതി സമൂഹത്തിലെ ഏത് മക്കൾക്ക് ലഭിക്കുമെന്നും അമ്മ ചോദിച്ചു.
വാളയാറിൽ സഹോദരിമാർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. കേസന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസർമാർക്കെതിരെ നടപടിയെടുക്കാത്ത സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചായിരുന്നു ഇത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതൽ പാലക്കാട് വഴിയോരത്ത് സത്യാഗ്രഹ സമരം നടത്തുകയാണ്. 2017ലാണ് 13,9 വയസുള്ള സഹോദരിമാരെ വാളയാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
















Comments