ടോക്കിയോ: പസഫിക് മേഖലയിലെ കരുത്തുറ്റ രാഷ്‌ട്രമായ ജപ്പാനുമായി അമേരിക്ക സഹകരണം ശക്തമാക്കുന്നു. ക്വാഡ് സഖ്യത്തിന്റെ ഭാഗമായി തുടരുന്ന പ്രതിരോധ വാണിജ്യ സഹകരണം പതിന്മടങ്ങ് വർദ്ധിപ്പിക്കാനാണ് തീരുമാനം. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ ഉടൻ വാഷിംഗ്ടൺ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡി ജെ ഓസ്റ്റിനും ടോക്കിയോ സന്ദർശിച്ചതിന് പിന്നാലെയാണ് സുഗയുടെ അമേരിക്കൻ യാത്ര തീരുമാനിച്ചത്.
‘ഉടൻ തന്നെ അമേരിക്ക സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ക്ഷണം ലഭിച്ചതിൽ സന്തോഷം. ഇരുരാജ്യ ങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കാൻ സന്ദർശനം പ്രയോജനപ്പെടുത്തും.’ സുഗ പറഞ്ഞു.
ഈ മാസം 12-ാം തീയതിയാണ് ക്വാഡ് സഖ്യത്തിന്റെ ആദ്യ വെർച്വൽ യോഗം നടന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് അമേരിക്കയ്‌ക്കും ജപ്പാനും പുറമേ ക്വാഡിലുള്ള മറ്റ് രണ്ട് രാജ്യങ്ങൾ. പെസഫിക് മേഖലയിലെ ചൈനയുടെ ഭീഷണിയെ നേരിടാനാണ് അമേരിക്ക ആദ്യം നീക്കം നടത്തിയത്. ജപ്പാന്റെ നാവിക വ്യൂഹത്തെ പെസഫിക്കിലെ സുരക്ഷയ്‌ക്കായി നിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച അമേരിക്ക പിന്നീട് ഇന്ത്യൻ നാവിക സേനയുമായും കൈകോർത്താണ് പെസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും സുരക്ഷാ വലയം തീർത്തി രിക്കുന്നത്.
Comments