ന്യൂഡൽഹി: ഗൂഗിളിന്റെ പ്ലേസ്റ്റോറിന് സമാനമായി തദ്ദേശീയമായി ആപ് സ്റ്റോർ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ സ്‌റ്റോറായ ‘മൊബൈൽ സേവ ആപ്‌സ്റ്റോർ’ പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അറിയിച്ചു. ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടേയും സ്വകാര്യ കമ്പനികളുടേയും ഉൾപ്പെടെ 965 മൊബൈൽ ആപ്ലിക്കേഷനുകൾ നിലവിൽ സ്റ്റോറിലുണ്ട്. കൂടുതൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ആപ് സ്‌റ്റോർ വികസിപ്പിക്കുന്ന കാര്യത്തിൽ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രത്തിന്റേതെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
ഗൂഗിളിന്റെ ആൻഡ്രോയിഡിന് ഇന്ത്യയിൽ 97 ശതമാനം വിഹിതമുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഇടപെടുകയും അവർക്ക് വേണ്ട സഹായം നൽകുകയും വേണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഗൂഗിളും ആപ്പിളും ആപ്ലിക്കേഷനുകൾ ഹോസ്റ്റ് ചെയ്യുന്നതിന് 30 ശതമാനം വരെ ഫീസ് ഈടാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ഗൂഗിൾ, ആപ്പിൾ സ്റ്റോറുകളെയാണ് മുഖ്യമായി ഉപയോക്താക്കൾ ആശ്രയിക്കുന്നത്. ഇത് നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രവിശങ്കർ പ്രസാദ്. മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ഈ സാഹചര്യത്തിലാണ് തദ്ദേശീയമായി ഒരു പ്ലേസ്റ്റോർ വികസിപ്പിക്കുന്നതിന്റെ സാദ്ധ്യത സർക്കാർ പരിശോധിക്കുന്നത്.
















Comments