ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊറോണ വാക്സിൻ സ്വീകരിച്ചു. ഇന്നലെയാണ് വാക്സിന്റെ ആദ്യ ഡോസ് അദ്ദേഹം സ്വീകരിച്ചത്. വാക്സിൻ സ്വീകരിക്കുന്നതിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം വാക്സിൻ കുത്തിവെപ്പെടുത്തത്. ആസ്ട്രാസെനകയുടെ വാക്സിനാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു വർഷം മുമ്പ് ബോറിസ് ജോൺസന് കൊറോണ സ്ഥിരീകരിച്ചിരുന്നു.
കുത്തിവെയ്പെടുക്കുമ്പോൾ തനിക്ക് നല്ല അനുഭവമായിരുന്നുവെന്നും പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും വേഗത്തിൽ എടുത്തു കഴിഞ്ഞതായും ബോറിസ് ജോൺസൺ പ്രതികരിച്ചു. ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിന് സമീപത്തുള്ള സെന്റ് തോമസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്.
കൊറോണയാണ് ലോകത്തിന് മുന്നിലുള്ള ഭീഷണി, വാക്സിനെടുക്കുക എന്നതാണ് ലോകത്തിലെ ഓരോ വ്യക്തിയും ചെയ്യേണ്ട കടമയെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. വാക്സിനെടുക്കാനുള്ള അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ കൊല്ലം മാർച്ച് അവസാനം കൊറോണ ബാധിതനായി ബോറിസ് ജോൺസൺ സെന്റ് തോമസ് ആശുപത്രിയിൽ ഒരാഴ്ചയോളമാണ് ചികിത്സയിൽ കഴിഞ്ഞത്. സ്വയം ചെറുത്തു നിന്നില്ലായിരുന്നുവെങ്കിൽ ഫലം മറ്റൊന്നാവുമായിരുന്നുവെന്ന് രോഗമുക്തനായ ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു.
Comments