മുഖ്യമന്ത്രി അച്യുതാനന്ദനേക്കാള്‍ പ്രതിപക്ഷ നേതാവായ വിഎസിനെയാണ് കേരളത്തിന് കൂടുതല്‍ ഇഷ്ടവും പരിചയവും. ഇടത്‌പക്ഷത്തിന്റെ വിശേഷിച്ചും സിപിഎമ്മിന്റെ സമരനായകത്വത്തിന്റെ പേരാണ് വിഎസ്. ഉള്‍പാര്‍ട്ടി കലഹത്തിലാണെങ്കിലും പോരാട്ടത്തിന്റെ പേരാണ് വിഎസ്. സംഘടനാസംവിധാനം കൊണ്ട് ശക്തമായ പാര്‍ട്ടിയെ ജനങ്ങളിലേക്ക് അടുപ്പിക്കുന്ന നേതാവ്.
വിഎസിന്റെ ജീവിതം ഇന്ത്യയിലെ ഇടത്‌പാര്‍ട്ടികളുടെ രാഷ്‌ട്രീയചരിത്രം കൂടിയാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കലഹിച്ചിറങ്ങി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഓഫ് മാര്‍ക്‌സിറ്റ് രൂപീകരിക്കാന്‍ മുന്നില്‍നിന്ന വിഎസ.് പിന്നീട് നേതാക്കളോ പാര്‍ട്ടിയോ വഴിതെറ്റിത്തുടങ്ങിയപ്പോള്‍ ശരിയാക്കാനായി അരയും തലയും മറുക്കി പോരാടിയ നേതാവ്. കാതലായ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി തീരുമാനമെടുക്കാന്‍ മടിച്ചപ്പോഴൊക്കെ അദ്ദേഹം ശബ്ദമുയര്‍ത്തി. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങളോട് മുഖം തിരിച്ച നേതൃത്വത്തോട് ഒറ്റയാനെപോലെ പോരാടി. പലപ്പോഴും എതിരാളികളേക്കാള്‍ രൂക്ഷമായിരുന്നു സ്വന്തം സഖാക്കളുടെ വിമര്‍ശനങ്ങള്‍. പക്ഷെ അപ്പോഴും കയ്യിലേന്തിയ ചെങ്കൊടിയെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായില്ല
ഗൗരിയമ്മയെപ്പോലെ കലഹിച്ച് പുറത്തുവന്നാല്‍ ഒരു പക്ഷെ വലിയൊരു ജനക്കൂട്ടം വിഎസിനൊപ്പം ഉറച്ചുനിന്നേനെ. പക്ഷെ പാര്‍ട്ടിയുടെ ശാസനയോ അച്ചടക്ക നടപടികളെയോ കൂസാതെ അദ്ദേഹം ജനകീയപ്രശ്‌നങ്ങില്‍ ഇടപെട്ട് നിരന്തരം പോരാടി. അത്രത്തോളം ആ ചെങ്കൊടിയെ വിഎസ് സ്‌നേഹിച്ചിരുന്നു.
വിഎസിന്റെ രാഷ്‌ട്രീയം എപ്പോഴും പ്രസക്തമാണ്. ഐസ്‌ക്രീംപാര്‍ലര്‍ കേസ്, കോവളം കൊട്ടാരം, മൂന്നാര്‍, പാമോയില്‍ കേസ്, ഇടമലയാര്‍ എന്നീ സംഭവങ്ങളില്‍ ഇടിമുഴക്കം പോലെ വിഎസ് ഇടപെട്ടു. പലതിലും പാര്‍ട്ടിയുടെ നിലപാട് വ്യത്യസ്‌തമായിരുന്നെങ്കിലും ഒറ്റയാനായി വിഎസ് പോരാടി. കേരളത്തിന്റെ സമരചരിത്രത്തില്‍ ഇടത്‌പക്ഷത്തിന്റെ താളുകളില്‍ മുന്‍ നിരയില്‍ തന്നെ ആ പേര് ഉണ്ടാകും. വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്ദന്‍.
പാര്‍ട്ടിക്ക് ആവശ്യമായ വേദികളിലെല്ലാം അദ്ദേഹം ഓടിയെത്തി. തന്നെ എതിര്‍ത്തവര്‍ക്കുവേണ്ടിപോലും പ്രചാരണത്തിനിറങ്ങി. 2001ല്‍ കയറിയ യുഡിഎഫ് സര്‍ക്കാരിനെതിരെ വന്‍ ജനകീയ വികാരം അഴിച്ചുവിട്ട് 2006ല്‍ ഇടതുമുന്നണിയെ അധികാരത്തിലേറ്റിയതും വിഎസ് ആണ്. മുഖ്യമന്ത്രിയായപ്പോഴും പാര്‍ട്ടിയുമായുള്ള അദ്ദേഹത്തിന്റെ കലഹം അവസാനിച്ചില്ല. വിഎസ്-പിണറായി പോര് കടുത്ത നാളുകളായിരുന്നു പിന്നീട്. ലാവലിന്‍ അഴിമതി തന്നെയെന്ന് വിഎസ് ഉറച്ചുപറഞ്ഞു. പിബിയിലും പാര്‍ട്ടി സമ്മേളനങ്ങളിലും വെട്ടിയൊതുക്കിയെങ്കിലും ജനകീയ അടിത്തറില്‍ വിഎസ് തിരിച്ചടിച്ചു. കൂടെ നിന്നവരെ ഒതുക്കിയായിരുന്നു പിണറായി പക്ഷത്തിന്റെ തിരിച്ചടി. സ്വന്തക്കാരെ ശക്തിയായി ചേര്‍ത്ത്‌പിടിക്കാന്‍ വിഎസിന് കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടിയെ വെല്ലുവിളിച്ച് മൂന്നാറില്‍ മുന്നോട്ടുപോയ വിഎസ് പെട്ടെന്ന് പിന്‍വാങ്ങിയതും വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു.
വിഎസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ കേഡര്‍പാര്‍ട്ടിയിലെ സമരസഖാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ആലപ്പുഴ സമ്മേളനത്തിലെ ഇറങ്ങിപ്പോക്കും പിണറായി വിജയനെതിരെ ആഞ്ഞടിച്ചതും ചരിത്രം. ഡാങ്കെയുടെ ഏകാധിപത്യം ചോദ്യം ചെയ്‌താണ് വിഎസ് പാര്‍ട്ടി പിളര്‍ത്തി ഇറങ്ങിയത്. അതേ ഡാങ്കെയോട് ഉപമിച്ചായിരുന്നു കര്‍ക്കശക്കാരനായ പിണറായിയെ വിഎസ് കടന്നാക്രമിച്ചത്. വെട്ടിനിരത്തലും വിഭാഗീയതയും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ മൂര്‍ച്ഛിച്ചപ്പോള്‍ ഒരറ്റത്ത് എപ്പോഴും വിഎസ് ഉണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം തന്നെ കമ്മ്യൂണിസ്റ്റുകാര്‍ കൊന്ന ടിപി ചന്ദ്രശേഖരന്റെ ഭാര്യയെ വീട്ടില്‍പോയി കണ്ട വിഎസിനെ രാഷ്‌ട്രീയ കേരളം മറക്കാനിടയില്ല. പ്രിയപ്പെട്ട സഖാവിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ഒഞ്ചിയത്തെ ചുവന്ന മണ്ണില്‍ വിഎസ് എത്തിയപ്പോള്‍ ഇടതുപക്ഷ രാഷ്‌ട്രീയം കിടുകിടാ വിറച്ചു. ഒറ്റായാനാണെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടിക്ക് വിഎസിനെ വേണം. 2016ല്‍ രണ്ടാമതും മുഖ്യമന്ത്രിയാവാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചില്ലെങ്കിലും കേരളത്തിന്റെ ഫിഡറല്‍ കാസ്‌ട്രോയെന്ന് വിശേഷിപ്പിച്ച് വിഎസിനെ പാര്‍ട്ടി മാറ്റിനിര്‍ത്തി.















Comments