മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ കോഴ ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. മുംബൈയിലെ ബാറുടമകളിൽ നിന്ന് നൂറു കോടി രൂപ പിരിച്ചുനൽകാൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചാണ് പരംബീർ സിംഗ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുഭാഷ് റെഡ്ഡി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ആഭ്യന്തരമന്ത്രിയുടെ വീടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കോടതിയിൽ നൽകിയ ഹർജിയിൽ പരംബീർ സിംഗ് ആവശ്യപ്പെടുന്നു. കോഴ ആരോപണത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പരംബീർ സിംഗിനായി മുതിർന്ന അഭിഭാഷകൻ മുകുൾ രോഹ്തഗി സുപ്രീം കോടതിയിൽ ഹാജരാകും.
അംബാനിക്കേസിൽ എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പാണ് മുംബൈ സിറ്റി പോലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് പരംബീർ സിംഗിനെ മാറ്റിയത്. മുംബൈയിലെ ഹോട്ടൽ, ബാർ എന്നിവിടങ്ങളിൽ നിന്ന് നൂറു കോടി രൂപ പിരിച്ചു നൽകാൻ അംബാനിക്കേസിൽ എൻ.ഐ.എ അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട് ആഭ്യന്തര മന്ത്രി അനിൽ ദേശ് മുഖ് ആവശ്യപ്പെട്ടെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് നൽകിയ കത്തിലെ പ്രധാന ആരോപണം.
















Comments