ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,17,87,534 ആയി. ഇത്രയധികം പേർക്ക് ഒക്ടോബറിലാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. കൊറോണ നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയതോടെയാണ് രാജ്യത്ത് വീണ്ടും രോഗബാധിതരുടെ എണ്ണം ഉയരുന്നത്.
1,12,31,650 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 26,490 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ 3,95,192 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,855 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
10,65,021 സാമ്പിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 23,75,03,882 ആയി ഉയർന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 251 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 1,60,692 ആയി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 5,31,45,709 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ട്.
കൊറോണ നിയന്ത്രണത്തിനായി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്‌ട്രയ്‌ക്ക് പുറമെ കർണാകട, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊറോണ രൂക്ഷമാണ്.
















Comments