സിപിഎം ഭരണത്തെ കടപുഴക്കിയ നന്ദിഗ്രാമിൽ പ്രചാരണവുമായി സിപിഎമ്മിന് എത്താൻ കഴിഞ്ഞത് ബിജെപി തണലിൽ. തൃണമൂൽ കോൺഗ്രസിനെ പേടിച്ച് നന്ദിഗ്രാമിൽ കാലു കുത്താൻ കഴിയാതിരുന്ന സിപിഎമ്മിന് ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ കഴിയുന്നത് ബിജെപി ശക്തി പ്രാപിച്ചതോടെയാണെന്ന് റിപ്പോർട്ട്. മമതയുടെ വിശ്വസ്തനും നന്ദിഗ്രാമിലെ ജനകീയ നേതാവുമായ സുവേന്ദു അധികാരി ബിജെപിയിലെത്തിയതോടെയാണ് തൃണമൂലിന്റെ ശക്തി ക്ഷയിച്ചത്.
2011 മുതൽ ചെങ്കൊടിയും പിടിച്ച് നന്ദിഗ്രാമിലേക്ക് ആർക്കും പോകാൻ കഴിഞ്ഞിട്ടില്ല. ഇടത് ഭരണത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ നന്ദിഗ്രാം സംഭവത്തിനു ശേഷമാണ് പാർട്ടി പ്രവർത്തകർക്ക് അവിടെ കടന്നു ചെല്ലാൻ കഴിയാതിരുന്നത്.മമതയുടെ അപ്രതീക്ഷിത ഉയർച്ചയും രണ്ടാം വട്ടവും ഭരണം പിടിച്ചതും നന്ദിഗ്രാമിൽ നിന്ന് സിപിഎമ്മിനെ തുടച്ചു നീക്കുകയായിരുന്നു. സോനചുര ബാസ, തെഖാലി, കാളിചരൺപൂർ തുടങ്ങിയ മേഖലകളിൽ സിപിഎം എന്ന് ഉച്ചരിച്ചാൽ തന്നെ അടികിട്ടുന്ന അവസ്ഥയായിരുന്നു. ഒരു ചെങ്കൊടി പോലും ആ മേഖലകളിൽ ഉയർത്താൻ കഴിയുമായിരുന്നില്ല.
എന്നാൽ സംസ്ഥാനത്ത് ബിജെപി ശക്തിപ്രാപിച്ചതോടെയാണ് ജനാധിപത്യപരമായ അവകാശങ്ങൾ പുന:സ്ഥാപിക്കപ്പെട്ടത്. തൃണമൂൽ കോൺഗ്രസിന്റെ അപ്രമാദിത്വത്തേയും ഫാസിസത്തേയും ചെറുത്തുകൊണ്ട് ബിജെപി ബംഗാളിൽ മുന്നേറ്റം ആരംഭിച്ചത് സിപിഎമ്മിനും സഹായകമായി. ഒരു പതിറ്റാണ്ടിലധികം കാലം അടച്ചിട്ടിരുന്ന നന്ദിഗ്രാമിലെ സിപിഎം പാർട്ടി ഓഫീസ് തുറന്നതു തന്നെ 2019 ൽ തൃണമൂലിനെ പ്രതിരോധിച്ച് ബിജെപി ശക്തമായ മുന്നേറ്റം നടത്തിയതോടെയാണ്. ചെങ്കൊടിയുമായി എത്താൻ കഴിയാതിരുന്ന മേഖലകളിൽ ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്താൻ സിപിഎം പ്രവർത്തകർക്ക് എത്താൻ കഴിയുന്നുണ്ട്. മമത ബാനർജിയുടേയും തൃണമൂലിന്റെയും വിരട്ടലുകൾക്ക് മറുപടി നൽകി ബിജെപി ശക്തിപ്രാപിച്ചതോടെയാണ് സിപിഎമ്മിന് തൃണമൂൽ പേടിയില്ലാതെ ഈ മേഖലകളിൽ എത്താൻ കഴിഞ്ഞത്. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ് മീനാക്ഷി മുഖർജിയാണ് നന്ദിഗ്രാമിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്നത്.
തൃണമൂൽ ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ സിപിഎം പ്രവർത്തകർ ബിജെപി ഓഫീസിലേക്കെത്തിയ നിരവധി സംഭവങ്ങൾ ബംഗാളിൽ നടന്നിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ തണലിൽ നിന്നായിരുന്നു സിപിഎം തൃണമൂൽ അക്രമങ്ങളിൽ നിന്ന് രക്ഷ നേടിയത്.
















Comments