വാഷിംഗ്ടൺ: ചൈനയെ ഒരിക്കലും ആഗോള ശക്തിയാകാൻ അനുവദിക്കില്ലെന്ന് തുറന്നടിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.ലോകമാനവരാശിക്ക് തന്നെ അപകടമായ രാജ്യമാണ് തങ്ങളെന്ന് ചൈന ഓരോ സംഭവങ്ങളിലൂടേയും തെളിയിക്കുകയാണെന്നും ബൈഡൻ പറഞ്ഞു. ആഗോള മനുഷ്യസമൂഹത്തെ ഞെട്ടിക്കുന്ന കൊടുംക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് ബീജിംഗ് നടത്തുന്നതെന്നും ബൈഡൻ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ഇതാദ്യമായാണ് ജോ ബൈഡൻ ചൈനയെ നേരിട്ട് വെല്ലുവിളി ക്കുന്നത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എടുത്ത നടപടിയേക്കാൾ ഒട്ടും പിന്നിലല്ല താനെന്ന് ജോ ബൈഡനും തെളിയിക്കുന്നത് ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.
‘ഞങ്ങളൊരിക്കലും ഒരു ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്നവരല്ല. എന്നാൽ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് നല്ല ധാരണയുണ്ട്. ഈ മത്സരത്തിൽ ബീജിംഗിനെ ആഗോള ശക്തിയാകാൻ അനുവദിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.’ പ്രസിഡന്റായി അധികാരമേറ്റ ശേഷം നടത്തുന്ന രണ്ടാമത്തെ ഔദ്യോഗിക പത്രസമ്മേളനത്തിലാണ് അമേരിക്കയുടെ ചൈനാ വിരുദ്ധ നയം ബൈഡൻ തുറന്നുകാട്ടിയത്.
ചൈനയുടെ ആഗ്രഹം ലോകത്തെ വെട്ടിപ്പിടിക്കാനാണ്. അവർക്ക് ഏറ്റവും ധനികരായി മാറണം.ഏറ്റവും സൈനിക ശക്തിയുള്ള രാജ്യവുമാകണം. ഇത് ഒരിക്കലും നടക്കാത്ത സ്വപ്‌നമാണ്. മത്സരത്തിന് എല്ലാവരും തയ്യാറാണ് എന്നാൽ ചൈന മാന്യമായ മത്സരത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്. സത്യസന്ധതയും സുതാര്യതയുമാണ് ലോകം കീഴടക്കാൻ ആവശ്യമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. അലാസ്‌കയിലെ കൂടിക്കാഴ്ചയിൽ അമേരിക്ക ചൈനയുടെ എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.
‘ലോകം ജനാധിപത്യ ശക്തികളുടെ കയ്യിൽ സുരക്ഷിതമാണ്. ക്വാഡ് സഖ്യം തെളിയിക്കുന്നത് അതാണ്. ഞാൻ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ ക്വാഡ് സഖ്യരാജ്യങ്ങളുമായി സംസാരിച്ചു. ചൈനയുടെ നയങ്ങളെ എങ്ങനെ നേരിടണമെന്ന് കൃത്യമായ ധാരണയാണ് ഞങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.’ ബൈഡൻ വ്യക്തമാക്കി.
















Comments