കാലഘട്ടത്തിന് അനുസരിച്ച് ഫാഷന്‍ സങ്കല്‍പങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വ്യത്യസ്ത തരത്തിലുളള വസ്ത്രങ്ങള്‍ ഇന്ന് സജീവമാണ്. അതുപോലെ തന്നെ പലതരത്തിലുള്ള ഫാഷന്‍ രീതികളും നമ്മള്‍ അനുകരിച്ചു വരാറുമുണ്ട്. ഇപ്പോള്‍ വിവാഹവസ്ത്രം പോലും നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് പലതരത്തിലുള്ള ഫേഷനുകളില്‍ തയ്ച്ചു വരുന്നവയാണ്. സിനിമ താരങ്ങളുടേയും മറ്റും വിവാഹ വസ്ത്രങ്ങളും അതിനെ കുറിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് വിവാഹ വസ്ത്രത്തോട് അനുബന്ധിച്ച് ഒരുക്കിയ ഒരു ശിരോവസത്രമാണ്.
ഒരു സെലിബ്രിറ്റി അല്ലായിരുന്നിട്ടു കൂടി സൈപ്രസ് സ്വദേശിനിയായ മരിയ പരസ്‌കേവ എന്ന യുവതിയുടെ ഏറെ കൗതുകം നിറഞ്ഞ ഈ ശിരോവസ്ത്രം സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇപ്പോള്‍. 6962.6 മീറ്ററാണ് ഈ ശിരോവസ്ത്രത്തിന്റെ നീളം. ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള ശിരോവസ്ത്രവും ഇതു തന്നെയാണ്. ഈ നീളം കൊണ്ടു തന്നെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലും ഈ ശിരോവസ്ത്രം ഇടം നേടി. കൂടാതെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ശിരോവസ്ത്രത്തിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
മുപ്പത് പേര്‍ ചേര്‍ന്ന് ആറ് മണിക്കൂര്‍ സമയം എടുത്താണ് ശിരോവസ്ത്രം പൂര്‍ണമായും വിവാഹ വേദിയിലേയ്‌ക്ക് എത്തിച്ചത്. ഗ്രീസിലെ ഒരു കമ്പനിയാണ് ഈ ശിരോവസ്ത്രം നിര്‍മിച്ചത്. ഏകദേശം മൂന്ന് മാസത്തോളം സമയമെടുത്താണ് ഇതിന്റെ നിര്‍മാണം അവര്‍ പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും കൈ കൊണ്ട് നെയ്‌ത്തുകാര്‍ നെയ്തെടുത്തതാണ് ഈ ഭീമന്‍ ശിരോവസ്ത്രം. കൗതുകകരമായ ഈ വിവാഹ വസ്ത്രം വളരെ പെട്ടന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒപ്പം ഫാഷന്‍ ലോകത്ത് ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഈ ശിരോവസ്ത്രം.
Comments