കാൻപൂർ: രാജ്യ വ്യാപകമായി കൊറോണ വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നിലവിൽ വാക്‌സിൻ നൽകുന്നത്. അതിനിടെ ഒരു നഴ്‌സിന്റെ അശ്രദ്ധ കാരണം ഒരാൾക്ക് രണ്ട് ഡോസ് വാക്‌സിൻ കുത്തിവെച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാൻപൂരിരടുത്ത് മണ്ടൗലി പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്‌സാണ് ഫോണിൽ സംസാരിച്ചുകൊണ്ട് ഒരു സ്ത്രീയ്‌ക്ക് കൊറോണ വാക്‌സിന്റെ രണ്ട് ഡോസും കുത്തിവച്ചത്.
മണ്ടൗലി ഗ്രാമത്തിലെ കമലേഷ് കുമാരി എന്ന സ്ത്രീയാണ് ഇരട്ട ഡോസ് വാക്‌സിൻ സ്വീകരിച്ചത്. ഹെൽത്ത് സെന്ററിലെ അർച്ചന എന്ന ആക്‌സിലറി നഴ്‌സ് മിഡ്‌വൈഫ് ആണ് വാക്‌സിൻ കുത്തിവച്ചത്. കുത്തിവെപ്പ് സ്വീകരിച്ച ശേഷം സ്ത്രീ ബഹളം ഉണ്ടാക്കിയപ്പോഴാണ് തനിക്ക് സംഭവിച്ച അബദ്ധം നഴ്‌സ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ നഴ്‌സിനെതിരെ അധികൃതർക്ക് പരാതി നൽകി. സ്ത്രീയുടെ പരാതിയിൽ ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
ആദ്യ ഡോസ് വാക്‌സിൻ നൽകിയ ശേഷം നിരീക്ഷണത്തിൽ ഇരിക്കാൻ നഴ്‌സ് ആവശ്യപ്പെട്ടു. എന്നാൽ ഫോണിൽ സംസാരിച്ചുകൊണ്ട് അടുത്ത ഡോസ് കുത്തിവെയ്‌ക്കുന്നതിനായി അബദ്ധത്തിൽ കമലേഷ് കുമാരിയെ തന്നെ വിളിയ്‌ക്കുകയും വീണ്ടും കുത്തിവെയ്‌ക്കുകയായിരുന്നു. തുടർച്ചയായി കുത്തിവെപ്പ് സ്വീകരിച്ച ശേഷം കൈയിൽ വീക്കം ഉണ്ടായതായും ശക്തമായ വേദനയുണ്ടായതായും സ്ത്രീ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ അർച്ചന ശാസിച്ചതായും ഇവർ ആരോപിക്കുന്നു. സംഭവത്തിൽ ചീഫ് മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.
















Comments