മുംബൈ: അഴിമതി ആരോപണത്തിൽ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചതിൽ പ്രതികരണവുമായി കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദ്. അടുത്ത ലക്ഷ്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെന്ന് അദ്ദേഹം പ്രതികരിച്ചു. അനിൽ ദേശ്മുഖിന്റെ രാജിയിലൂടെ ഉദ്ധവ് താക്കറെയ്‌ക്ക് ഭരണത്തിൽ തുടരാനുള്ള ധാർമ്മികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അനിൽ ദേശ്മുഖ് രാജി വെച്ചത്. അപ്പോൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉത്തരവാദിത്വമോ എന്ന് രവിശങ്കർ പ്രസാദ് ചോദിച്ചു. താക്കറെയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അവകാശം ഇല്ലാതായിരിക്കുകയാണ്. മുഖ്യമന്ത്രി മൗനം വെടിയണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മൗനം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സച്ചിൻ വാസെയുടെ പേരിലുള്ള കേസുകളുടെ വിവരങ്ങൾ ഒരോ ദിവസവും എൻഐഎയ്‌ക്ക് ലഭിക്കുകയാണ്. കേസിലെ എല്ലാ വിവരങ്ങളും അന്വേഷിക്കപ്പെടണം. തെറ്റുകാരായ എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിങിന്റെ ആരോപണത്തിൽ കുരുങ്ങിയാണ് ദേശ്മുഖിന്റെ രാജി. ദേശ്മുഖിനെതിരായ പരംബീർ സിംഗിന്റെ ആരോപണങ്ങളിൽ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാൻ ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജിവച്ചത്.
പരംബീർ സിംഗ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് അയച്ച കത്തിൽ അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. മുംബൈയിലെ ഹോട്ടൽ, ബാർ എന്നിവിടങ്ങളിൽ നിന്ന് നൂറു കോടി രൂപ പിരിച്ചു നൽകാൻ അംബാനിക്കേസിൽ എൻ.ഐ.എ അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട് ആഭ്യന്തര മന്ത്രി അനിൽ ദേശ് മുഖ് ആവശ്യപ്പെട്ടെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് നൽകിയ കത്തിലെ പ്രധാന ആരോപണം.
















Comments