മുംബൈ: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ബോംബെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അനിൽ ദേശ്മുഖും മഹാരാഷ്‌ട്രസർക്കാരും. ഇതിനായുള്ള നീക്കങ്ങൾ ഭരണകൂടം തുടങ്ങിയതായി റിപ്പോർട്ട്. നിയമോപദേശത്തിനായി മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ ഉദ്ധവ് താക്കറെ സർക്കാരും അനിൽ ദേശ്മുഖും പ്രത്യേകം അപ്പീലുകൾ സുപ്രീംകോടതിയിൽ നൽകിയേക്കും.
അനിൽ ദേശ്മുഖിനെതിരെ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹർജിയിലാണ് സിബിഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്നായിരുന്നു ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തുള്ള അനിൽ ദേശ്മുഖിന്റെ രാജി. ദേശ്മുഖിനെതിരായ പരംബീർ സിംഗിന്റെ ആരോപണങ്ങളിൽ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാനാണ് കോടതിയുടെ നിർദ്ദേശം.
ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. നൂറ് കോടി രൂപയുടെ കൈക്കൂലി ആരോപണമാണ് അനിൽ ദേശ്മുഖിനെതിരെ പരംബീർ സിംഗ് ഉന്നയിച്ചത്. സിബിഐ അന്വേഷണത്തിന് പുറമെ അനിൽ ദേശ്മുഖിന്റെ വീടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കോടതിയിൽ നൽകിയ ഹർജിയിൽ പരംബീർ സിംഗ് ആവശ്യപ്പെട്ടിരുന്നു.
















Comments