തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഉൾപ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നത് തടയുന്നതിനും മറ്റും രാവിലെ തന്നെ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. ഇതിന്റെ ദൃശ്യങ്ങൾ അപ്പോൾ തന്നെ പട്രോളിംഗ് ടീമിനും പോലീസ് ആസ്ഥാനത്തെ ഇലക്ഷൻ കൺട്രോൾ റൂമിനും കൈമാറുമെന്നും ബെഹ്‌റ അറിയിച്ചു.
സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കടത്തൽ, കള്ളക്കടത്ത് മുതലായവ തടയുന്നതിനായി 152 അതിർത്തികളിൽ പ്രത്യേക പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാനായി 95 കമ്പനി പോലീസ് സേന സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചുണ്ട്. കൂടാതെ ആവശ്യമായ സ്ഥലങ്ങളിൽ കേന്ദ്രസേനയേയും വിന്യസിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
പോളിംഗ് ബൂത്തുകൾ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 പട്രോൾ സംഘങ്ങളുണ്ട്. പത്ത് സ്ഥലങ്ങളിലുള്ള പോളിംഗ് ബൂത്തുകൾ പരമാവധി 15 മിനറ്റിനുള്ളിൽ ഒരു ടീമിന് ചുറ്റിവരാൻ കഴിയുന്ന രീതിയിലാണ് ഇവരുടെ ക്രമീകരണം. ഓരോ ടീമിലും ഒരു വീഡിയോ ഗ്രാഫറും ഉണ്ട്. ഭീകരരുടെ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിൽ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിനേയും തണ്ടർബോൾട്ടിനേയും വിന്യസിച്ചിട്ടുണ്ട്. ഇവിടെ പ്രത്യേക സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
Comments