ചെന്നൈ: തെക്കേ ഇന്ത്യയിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടിംഗ് ആരംഭിച്ചു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടത്തിൽ തന്നെ വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. തമിഴ്‌നാട്ടിലെ 38 ജില്ലകളിലായി 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പുതുച്ചേരിയിൽ 30 നിയമസഭാ മണ്ഡലങ്ങളിലായി മൂന്ന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിയടക്കം 33 സീറ്റുകളാണുള്ളത്.
തമിഴ്‌നാടിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന് ശേഷം ജയലളിതയും കരുണാനിധിയും ഇല്ലാത്ത ഒരു രാഷ്‌ട്രീയ പോരാട്ടത്തിനാണ് തമിഴകം സാക്ഷിയാകുന്നത്. 3998 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആകെ 88,937 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ശക്തമായ സുരക്ഷ സംവിധാനം ഏർപ്പെടുത്തിയാണ് പോളിംഗ് നടക്കുന്നത്. ഒരു ലക്ഷത്തിലധികം സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.
പുതുച്ചേരി കേന്ദ്രഭരണപ്രദേശത്ത് 10,04,507 വോട്ടർമാരാണുള്ളത്. 324 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 34 കമ്പനി കേന്ദ്ര സേനകളടക്കം അയ്യായിരം പോലീസ് സേനാംഗ ങ്ങളാണ് സുരക്ഷയ്‌ക്കായുള്ളത്. ആകെ 1558 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് സ്ഥാനമൊഴിയേണ്ടിവന്ന കോൺഗ്രസ്സിന്റെ നേതൃത്തിലുള്ള മുന്നണിയുടേയും ശക്തമായ സാന്നിദ്ധ്യമാകാൻ പരിശ്രമിക്കുന്ന എൻ.ഡി.എയുടേയും പോരാട്ടമാണ് പുതുച്ചേരിയിൽ നടക്കുന്നത്.
















Comments