ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനായ രജനീകാന്തും സ്വന്തം പാർട്ടിയുണ്ടാക്കി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കമൽഹാസനും വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലാണ് രാവിലെ തന്നെ കോളീവുഡിലെ സൂപ്പർതാരങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. രജനീകാന്ത് ചെന്നൈയിലെ സ്റ്റെല്ല മാരീസിലെ പോളിംഗ് ബൂത്തിലും കമൽഹാസൻ തെയ്‌നാംപേട്ടിലെ പോളിംഗ് ബൂത്തിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനുമൊപ്പമാണ് കമൽഹാസൻ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
ദേശീയ രാഷ്‌ട്രീയം തന്നെ ഉറ്റുനോക്കിയ ഒരു രാഷ്‌ട്രീയ പ്രവേശനത്തിൽ നിന്ന് സ്വയം ഒഴിവായി രജനീകാന്ത് തമിഴ്‌നാട്ടിൽ ശ്രദ്ധനേടിയിരുന്നു. സ്വയം പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന ആരാധകരുടെ ആവശ്യത്തെ രജനീകാന്ത് സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു. തുടർന്ന് രോഗബാധിതനായതിനെ തുടർന്ന് നീണ്ട വിശ്രമത്തിന് ശേഷമാണ് സ്‌റ്റൈൽ മന്നൻ തമിഴ് ജനതയ്‌ക്ക് മുന്നിൽ വരുന്നത്.
സജീവ രാഷ്‌ട്രീയ പ്രവേശനത്തിന് ശേഷമാണ് കമൽഹാസൻ ഇക്കുറി തെരഞ്ഞെുപ്പിനെ അഭിമുഖീകരിക്കുന്നത്. തമിഴ്‌നാട്ടിലെ ശക്തരായ ഡി.എം.കെയേയും എ.ഐ.എ.ഡി.എം.കെയേയും ഒരു പോലെ എതിർത്തു കൊണ്ടാണ് മക്കൾ നീതി മയ്യം എന്ന പേരിൽ ഉലകനായകൻ രംഗപ്രവേശനം ചെയ്തത്. 2018 ഫെബ്രുവരി 21നാണ് കമൽഹാസൻ പാർട്ടി രൂപീകരിച്ചത്.കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ ജനവിധി തേടുന്നത്.
















Comments