മുംബൈ: കൊറോണ കാലത്തെ രണ്ടാം ഐ.പി.എൽ സീസണിന് നാളെ തുടക്കം. മുംബൈ ഇൻഡ്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തിലാണ് നാളെ ഉദ്ഘാടന മത്സരം നടക്കുന്നത്. രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്. ആകെ 60 മത്സരങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറുക. പതിനാലാമത് ഐ.പി.എൽ സീസണിനാണ് നാളെ തുടക്കം കുറിയ്‌ക്കുന്നത്.
വിദേശ താരങ്ങളടക്കം ഇന്ത്യയിലെത്തിക്കഴിഞ്ഞു. പാകിസ്താൻ പര്യടനത്തിനിടെ പ്രധാനപ്പെട്ട താരങ്ങളെ ഐ.പി.എല്ലിനായി വിട്ടുനൽകിക്കൊണ്ട് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോർഡും തീരുമാനം എടുത്തുകഴിഞ്ഞു. ഐ.പി.എല്ലിന്റെ ആദ്യഘട്ടത്തിൽ നാല് ടീമുകളാണ് ചെന്നൈയിൽ കളിക്കുന്നത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളാണ് ആദ്യഘട്ടത്തിൽ ചെന്നൈ കേന്ദ്രമാക്കുന്നത്. ചെന്നൈയ്‌ക്കു പുറമേ മുംബൈയും ഡൽഹിയും പ്രധാന വേദിയാണ്.
കൊറോണ ബാധ ആശങ്കപ്പെടുത്തും വിധം ഉയരുന്നതിനിടെയാണ് ഐ.പി.എൽ നടക്കാനിരിക്കുന്നത്. ഇതുവരെ മത്സരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ബി.സി.സി.ഐ തീരുമാനം. ഉദ്ഘാടനം നടക്കാനിരിക്കുന്ന ചെന്നൈയിൽ ഒരു ദിവസത്തെ കൊറോണ ബാധ നാലായിരത്തിന് മുകളിലേയ്‌ക്ക് കടന്നിരിക്കുകയാണ്.
താരങ്ങളുടെ കൊറോണ ബാധയിലും ടീമുകൾ ആശങ്കയിലാണ്. ബാഗ്ലൂർ മലയാളി താരം ദേവ്ദത്ത് പടിക്കലിന് കൊറോണ ബാധിച്ചെങ്കിലും രോഗംഭേദമായെന്ന റിപ്പോർട്ട് ആശ്വാസമായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിതീഷ് റാണയും രോഗവിമുക്തനായി. ഇതിനിടെ ബംഗളൂരുവിന്റെ വിദേശതാരം ഡാനിയൽ സാംസിന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
















Comments