തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർ ടിക്കാറാം മീണയ്‌ക്ക് പരാതി നൽകി. ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പോസ്റ്റൽ വോട്ടുകൾ സമാഹരിച്ചത്. സീൽ ചെയ്ത കവറുകളിലല്ല, സഞ്ചിയിലാണ് പല ബൂത്തുകളിലും വോട്ടർമാരിൽ നിന്നും ബാലറ്റ് വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.
ഉപയോഗിക്കാത്ത പോസ്റ്റൽ ബാലറ്റുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപവും ശക്തമാണെന്ന് സുരേന്ദ്രൻ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സ്ഥാനാർത്ഥികൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കുമുള്ള ആശങ്ക പരിഹരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഒരു മണ്ഡലത്തിൽ എത്ര പോസ്റ്റൽ ബാലറ്റുകൾ പ്രിന്റ് ചെയ്തു? 80 വയസിന് മുകളിലുള്ള എത്ര പേർക്ക് ഓരോ മണ്ഡലത്തിലും പോസ്റ്റൽ ബാലറ്റ് നൽകി? ഇതിൽ എത്ര ബാലറ്റുകൾ വിതരണം ചെയ്തു? എത്ര എണ്ണം ബാലൻസ് ഉണ്ട്? ഓരോ മണ്ഡലത്തിലും എത്ര ദിവ്യാംഗർക്ക് പോസ്റ്റൽ ബാലറ്റ് നൽകി? എത്ര കൊറോണ രോഗികൾക്ക് നൽകി? ബാക്കി വന്നവ എന്തു ചെയ്തു? എന്നീ ചോദ്യങ്ങളാണ് കത്തിലുളളത്.
സമാഹരിച്ച പോസ്റ്റൽ ബാലറ്റുകൾ കൗണ്ടിംഗ് സ്റ്റേഷനുകളിൽ സുരക്ഷിതമായി എത്തുന്നുവെന്ന് കമ്മീഷൻ ഉറപ്പ് വരുത്തണം. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
















Comments