മുംബൈ: മഹാരാഷ്‌ട്രയിൽ കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം വർദ്ധിക്കുന്നതിനിടെ ഉസ്മനാബാദിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ആശുപത്രിയിലെ കൊറോണ രോഗികൾക്ക് ഓക്‌സിജൻ നൽകുന്നത് കസേരയിലിരുത്തിയാണ്. ജില്ലയിലെ ആശുപത്രികളിൽ രോഗികൾക്കായുള്ള കിടക്കകൾ തീർന്നതിനാലാണ് ഇത്തരത്തിൽ ഓക്‌സിജൻ നൽകുന്നത്.
സംസ്ഥാനത്ത് കൊറോണ രോഗികളെ കൈകാര്യം ചെയ്യുന്നതിൽ ആശുപത്രികൾ കാട്ടുന്ന അലംഭാവത്തിന്റെ നേർചിത്രമാണിതെന്ന കുറിപ്പോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നത്. ആശുപത്രിയിലെ കിടക്കകൾ രോഗികളെക്കൊണ്ട് നിറഞ്ഞതിനാലാണിതെന്നാണ് ആശുപത്രി ജീവനക്കാരുടെ വിശദീകരണം.
ബെഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പല ആശുപത്രികളിലും പരിമിതമാണ്. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സാ ചെലവ് താങ്ങാനാവാത്തതും ഗുരുതരാവസ്ഥയിലുള്ള രോഗികളെ സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് വിടുന്നതുമാണ് ഈ അവസ്ഥയ്‌ക്ക് കാരണം. അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം കൂടാനുള്ള കാരണം ചികിത്സാ സൗകര്യങ്ങളുടെ അഭാവമാണെന്ന് കേന്ദ്രസംഘവും വിലയിരുത്തിയിരുന്നു.
രോഗികളുടെ എണ്ണം ഇങ്ങനെ കൂടുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നുമില്ല. ഇന്നലെ മാത്രം 63294 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മരണ നിരക്കും സംസ്ഥാനത്ത് കൂടുതലാണ്. കൊറോണ ബാധിച്ച് ഇതുവരെ 57987 പേരാണ് സംസ്ഥാനത്ത് മരിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഏപ്രിൽ 14ന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചിരിക്കുന്നത്. രാത്രികാല കർഫ്യൂവും മഹാരാഷ്‌ട്രയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
















Comments