തിരുവനന്തപുരം: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്ത വിധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഉൾപ്പെടെ രാജിവക്കണമെന്ന്് ചെന്നിത്തല ആവശ്യപ്പെട്ടു. ലോകായുക്ത വിധിക്ക് അപ്പീൽ ഇല്ല. ഏത് അഴിമതിക്കാരെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ലോകായുക്ത നിയമം കൊണ്ടുവന്ന ഇകെ നയനാരുടെ ആത്മാവ് പോലും പിണറായിയോട് പൊറുക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. കാരണം നായനാർ കൊണ്ടുവന്ന നിയമത്തിൽ ആദ്യമായാണ് ഒരു മന്ത്രി രാജിവെയ്‌ക്കണം, മുഖ്യമന്ത്രി നടപടിയെടുക്കണം എന്ന തരത്തിൽ ആവശ്യപ്പെടുന്നത്. ഇത്രയും ഗുരുതര അഴിമതി നടന്നിട്ട് ആ മന്ത്രിയെ പുറത്താക്കണം എന്ന് ലോകായുക്ത പറയുമ്പോൾ ജലീലിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.
ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന ആളാണ് കേരളത്തിലെ മുഖ്യമന്ത്രി. ലാവ്‌ലിൻ കേസിലെ ആറാമത്തെ പ്രതിയാണ് പിണറായി. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ലാവ്‌ലിനാണ്. അതിലെ പ്രതിയായ പിണറായി വിജയൻ അഴിമതിയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. നാണമില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
അതേസമയം ലോകായുക്ത ഉത്തരവ് നിയമ വിരുദ്ധമാണെന്ന് കെടി ജലീൽ പറഞ്ഞു. ഉത്തരവ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും പരാതിയിൽ മതിയായ അന്വേഷണം നടത്താതെയാണ് തനിക്കെതിരായ ലോകായുക്തയുടെ ഉത്തരവ് എന്നും കെ ടി ജലീൽ വിശദീകരിച്ചു. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജലീലിന്റെ പ്രതികരണം. ഹൈക്കോടതിയും ഗവർണറും തനിക്കെതിരായ ആരോപണങ്ങൾ പരിശോധിച്ച് തള്ളിയതാണ്. ലോകായുക്തയുടെ അധികാര പരിധിക്ക് പുറത്തുള്ള വിഷയത്തിലാണ് ഇപ്പോഴത്തെ ഉത്തരവെന്നും ജലീൽ പറഞ്ഞു.
Comments