ന്യൂഡൽഹി: രാജ്യത്ത് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. രാജ്യത്ത് വാക്സിൻ ലഭ്യത ഒരു പ്രശ്നമല്ലെന്നും എന്നാൽ ചില സംസ്ഥാനങ്ങൾ ഇത് ദുരുപയോഗം ചെയ്യുന്നുവെന്നും രാജേഷ് ഭൂഷൺ പറഞ്ഞു. കൊറോണ വാക്‌സിനേഷനിൽ ലോകത്ത് ഏറ്റവും മുന്നിലാണ് ഇന്ത്യ. അതേസമയം രാജ്യത്തെ ചില സംസ്ഥാനങ്ങൾ വാക്‌സിൻ പാഴാക്കി കളയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ സംസ്ഥാനങ്ങൾക്കും 13.10 കോടി വാക്‌സിൻ നൽകിയിട്ടുണ്ട്. വാക്‌സിനിൽ ക്ഷാമമുണ്ടെന്ന പരാതിയുമായെത്തിയ മഹാരാഷ്‌ട്ര അഞ്ച് ലക്ഷം ഡോസ് വാക്‌സിനാണ് പാഴാക്കി കളഞ്ഞത്. പശ്ചിമ ബംഗാൾ, കേരളം, മിസോറാം തുടങ്ങി സംസ്ഥാനങ്ങളിൽ വാക്‌സിൻ ഒന്നും തന്നെ പാഴാക്കിയിട്ടില്ല. ഇവിടുത്തെ പാഴാക്കൽ നിരക്ക് പൂജ്യം ശതമാനമാണെന്നും എന്നാൽ ചില സംസ്ഥാനങ്ങൾ 8 മുതൽ 7 ശതമാനം വരെ വാക്‌സിൻ പാഴാക്കിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇതുവരെ 10.85 കോടിയിലധികം പേർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മണിവരെയുള്ള കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ നൽകി. നിലവിൽ രാജ്യത്ത് മരണ നിരക്ക് കൂടുതലാണ്. രാജ്യത്ത് ഇതുവരെ 89.51 ശതമാനം പേർ രോഗമുക്തി നേടിയെന്നും 1.25 ശതമാനം മരണവും 9.24 സജീവ കേസുകളും നിലവിലുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മഹാരാഷ്‌ട്രയിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും രാജേഷ് ഭൂഷൺ പറഞ്ഞു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും വാക്‌സിനേഷൻ പ്രക്രിയ വിപുലപ്പെടുത്തണമെന്നും അദ്ദേഹം സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
















Comments