കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കോഴിക്കോട് വിജിലൻസ് ഓഫീസിൽ രാവിലെ പത്ത് മണിയോടെയായിരുന്നു ചോദ്യം ചെയ്യൽ. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നും ഷാജി പറഞ്ഞു. വീട്ടിൽ നിന്നും പണം കണ്ടെത്തിയത് ക്ലോസറ്റിൽ നിന്നല്ല, കട്ടിലിന് താഴെ നിന്നാണ്. തെരഞ്ഞെടുപ്പിനായി സൂക്ഷിച്ച പണമാണിതെന്നും ചോദ്യം ചെയ്യലിന് ശേഷം ഷാജി പ്രതികരിച്ചു.
തനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. തന്നെ പൂട്ടാനാകില്ല, വീട്ടിൽ സൂക്ഷിച്ച പണത്തിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നും ഷാജി പ്രതികരിച്ചു. രേഖകൾ വിജിലൻസിന് കൈമാറിയിട്ടുണ്ട്. ബാക്കി രേഖകൾ ഒരാഴ്ചയ്‌ക്കകം വിജിലൻസിന് കൈമാറും. കട്ടിൽ ക്ലോസറ്റായി ചിലർക്ക് തോന്നുന്നത് തന്റെ ശീലമല്ല. പുറത്തുവരുന്ന വാർത്തകൾ അസത്യമാണ്. വിദേശ കറൻസികൾ മക്കളുടെ ശേഖരത്തിൽ നിന്നുള്ളതാണെന്നും ഷാജി വിശദീകരിച്ചു.
ഭൂമി ഇടപാടുകൾ സംബന്ധിച്ച് ഒരു രേഖകളും വിജിലൻസിന് കിട്ടിയിട്ടില്ല. തനിക്കെതിരായ രാഷ്‌ട്രീയ മുതലെടുപ്പാണ് കേസ്. 3 വർഷത്തിലധികമായി നിരന്തരമായി തന്നെ വേട്ടയാടുകയാണ്. സ്വാഭാവികമായ ചോദ്യം ചെയ്യലാണ് ഇന്ന് നടന്നതെന്നും ഷാജി പ്രതികരിച്ചു.
















Comments