മുംബൈ: മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് രാവിലെ അനിൽ ദേശ്മുഖിന്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് ദേശ്മുഖിനെതിരെ നടത്തിയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. നൂറ് കോടി രൂപയുടെ കൈക്കൂലി ആരോപണമാണ് അനിൽ ദേശ്മുഖിനെതിരെ പരംബീർ സിംഗ് ഉന്നയിച്ചത്.
ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തെ കുറിച്ചുള്ള സിബിഐയുടെ പ്രാഥമിക അന്വേഷണം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂർത്തിയായത്. കൈക്കൂലി ആരോപണത്തെ തുടർന്ന് ദേശ്മുഖിനെതിരെ സിബിഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം രാജിവെച്ചിരുന്നു.
കേസന്വേഷണം സിബിഐ ഏറ്റെടുക്കാനും 15 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുമാണ് ബോംബെ കോടതി നിർദ്ദേശിച്ചത്. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കൈക്കൂലി ആരോപണവും മന്ത്രിയുടെ രാജിയുമെല്ലാം മഹാരാഷ്‌ട്ര സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
















Comments