ന്യൂഡൽഹി ∙ ആർടിപിസിആർ പരിശോധനയ്‌ക്കു രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത് കേരളത്തിലാണെന്ന് റിപ്പോർട്ട്. 1700 രൂപയാണ് കേരളത്തിൽ ആർടിപിസിആർ പരിശോധനയ്‌ക്ക് നിലവിൽ ഈടാക്കുന്നത്.
കേരളത്തിൽ സർക്കാർ ആശുപത്രികളിൽ സൗജന്യ ആർടിപിസിആർ പരിശോധനയുണ്ടെങ്കിലും ഫലം ഉടൻ ലഭ്യമാകുന്നില്ല എന്നാണ് പരാതി.ഇക്കാരണം കൊണ്ടുതന്നെ ജനങ്ങൾ സ്വകാര്യ ലാബുകളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ്.സർക്കാർ ആശുപത്രിയിൽ പരിശോധന നടത്തി മൂന്നും നാലും ദിവസങ്ങൾ കാത്തിരുന്നാണ് പലർക്കും ഫലം ലഭിക്കുന്നത്.
വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.ഇതരസംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പരിശോധിച്ച ഫലമാണ് ആവശ്യം. ഇതും സ്വകാര്യ ലാബുകളെ ആശ്രയിക്കാൻ വലിയ കാരണമാകുന്നുണ്ട്. ഈ രീതിയിൽ പലതവണ പരിശോധന വേണ്ടിവരുന്നതു വൻ സാമ്പത്തിക ബാധ്യതയാകുന്നുണ്ട് എന്നാണ് പരാതി.
കേരളത്തിൽ കൊറോണവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും പരിശോധനാ നിരക്ക് നിയന്ത്രിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 1500 രൂപയായിരുന്ന നിരക്ക്, ലാബുകളുടെയും ആശുപത്രികളുടെയും ഹർജിയെത്തുടർന്ന് ഹൈക്കോടതി 1700 രൂപയാക്കി എന്നാണ് ഇക്കാര്യത്തിൽ സർക്കാർ കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. അതേ സമയം അടിയന്തര സാഹചര്യം പരിഗണിച്ചു മിക്ക സംസ്ഥാനങ്ങളും പരിശോധനാ നിരക്കു പല തവണ കുറച്ചിട്ടുണ്ട്.
പരിശോധനയ്‌ക്ക് ആവശ്യമായ റീഏജന്റ്, വൈറൽ ട്രാൻസ്പോർട്ട് മീഡിയം കിറ്റ്, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയ്‌ക്കുള്ള ചെലവു താരതമ്യേന കുറഞ്ഞു. എന്നാൽ, ലാബ് ജീവനക്കാരുടെ ചെലവ്, ബയോമെഡിക്കൽ മാലിന്യ നിർമാർജനം എന്നിവയ്‌ക്ക് ചിലവ് കൂടുതലാണെന്നാണ് സ്വകാര്യ സ്ഥാപനങ്ങളുടെ മറുപടി. രോഗവ്യാപനം രൂക്ഷമായിരിക്കെ, നിരക്കു കുറയ്‌ക്കുകയോ ലാബുകൾക്കു സർക്കാർ സഹായം അനുവദിച്ചു പരിശോധന കൂട്ടുകയോ വേണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടിൽ ആണ്. 1200 രൂപയാണ് തമിഴ്നാട്ടിൽ പരിശോധനാ നിരക്ക് . വീട്ടിലെത്തി സാംപിൾ ശേഖരിക്കുമ്പോൾ 1500–1750 രൂപയും. ഡൽഹിയിലും കർണാടകയിലും 800 രൂപയാണു നിരക്ക്. വീട്ടിലെത്തി ശേഖരിക്കുമ്പോൾ 1200 രൂപ.
















Comments