കൊച്ചി: കോഴിക്കോട് മാറാട് കടപ്പുറത്ത് ഇസ്ലാമിക ഭീകരർ ഹിന്ദുസമൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിന് ഇന്ന് 19 വയസ്സ്. 2003 മെയ് 2-ാം തിയതിയാണ് കേരളത്തെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കേരളമൊട്ടാകെ മാറാട് ബലിദാന ദിനാചരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഇന്നു രാവിലെ 7 മണിക്ക് ബലിദാനികളുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചനകൾ നടന്നു. കൊറോണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഹിന്ദുഭവനങ്ങളിൽ കുടുംബാംഗങ്ങളോട് ബലിദാനികളെ അനുസ്മരിക്കാനാണ് നിർദ്ദേശം നൽകിയത്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടത്. സമൂഹമാദ്ധ്യമങ്ങളിലൂടെ കെ.പി.ശശികല ടീച്ചറടക്കമുള്ള നേതാക്കന്മാർ മാറാട് ബലിദാന ദിന അനുസ്മരണം നടത്തി.
നീണ്ട 19 വർഷങ്ങൾക്ക് മുമ്പാണ് ഇസ്ലാമിക മതമൗലികവാദികൾ മാറാട് കടപ്പുറത്ത് എട്ട് സാധാരണക്കാരെ കൂട്ടക്കൊല ചെയ്തത്. ഇരുപതിലേറെ പേർക്ക് ഭീകരാക്രമണത്തിൽ ഗുരതരമായി പരിക്കേറ്റു. ആസൂത്രിതമായി കടപ്പുറത്തെ പല വീടുകളിലും പരിസരത്തുമായി ഒളിഞ്ഞിരുന്നവരാണ് വൈകിട്ട് കടപ്പുറത്തെ ഹൈന്ദവ ഭവനങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. ഹിന്ദു വംശഹത്യയാണ് മാറാട് നടന്നതെന്നാണ് ഹിന്ദുസംഘടനകൾ ആവർത്തിക്കുന്നത്.
മതമൗലികവാദികളെ രാഷ്‌ട്രീയ നേതാക്കൾ സഹായിച്ചെന്ന കോടതി നിരീക്ഷണം ഹിന്ദുസംഘടനകൾ ചൂണ്ടിക്കാട്ടി. മുഖ്യപ്രതികളാരെന്ന് ഇതുവരെ വ്യക്തമാകാത്ത കേസിൽ നിലവിൽ ജയിൽ ശിക്ഷയനുഭവിക്കുന്നവർ യഥാർത്ഥപ്രതികളല്ലെന്നാണ് ഹിന്ദു സംഘടകളും മാറാട് കടപ്പുറത്തെ ജനങ്ങളും പറയുന്നത്. അന്ന് വൈകിട്ട് വലിയ വാളുകളും വെട്ടുകത്തികളുമായി മാത്രമല്ല ബോംബുകളും ഉപയോഗിക്കാൻ തയ്യാറായാണ് അക്രമികളെത്തിയതെന്നും സംഘടനകൾ ഓർമ്മിപ്പിച്ചു.
ഒരു പ്രദേശത്തെ സമൂഹത്തെ ഉന്മൂലനം ചെയ്യാൻ നടത്തിയ ശ്രമം സാമൂഹ്യനീതിക്കെതിരാണ്. ഇത്തരം സംഭവങ്ങൾ എക്കാലത്തേയും ഭീഷണിയാണെന്ന് ഹിന്ദുസംഘടനകൾ ആരോപിച്ചു. മാറിമാറി വരുന്ന മുന്നണിഭരണങ്ങൾ മാറാടിലെ യഥാർത്ഥ പ്രതികളെ പിടിക്കാൻ ഒരു ശ്രമവും നടത്തിയില്ലെന്നും സംഘടനകൾ പറഞ്ഞു.
















Comments