കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ മമതയെ കക്ഷി നേതാവായി തെരഞ്ഞെടുത്തതായി പാർട്ടി നേതാവ് പാർത്ഥ ചാറ്റർജി വ്യക്തമാക്കി. 213 സീറ്റുകൾ നേടിയാണ് തൃണമൂൽ ബംഗാളിൽ തുടർ ഭരണം ഉറപ്പിച്ചത്.
മമതയുടെ സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ വ്യാഴാഴ്ച എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. ബിമൻ ബാനർജിയെയാണ് സ്പീക്കറായി നിശ്ചയിച്ചിരിക്കുന്നതെന്ന് പാർത്ഥ ചാറ്റർജി വ്യക്തമാക്കി. സുബ്രതാ മുഖർജിയായിരിക്കും പ്രോട്ടേം സ്പീക്കറായി ചുമതലയേൽക്കുക. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ ലളിതമായിട്ടാകുമെന്നാണ് സൂചന.
നന്ദിഗ്രാമിൽ പരാജയപ്പെട്ട മമത മുഖ്യമന്ത്രിയായാലും ആറ് മാസത്തിനുളളിൽ ജനവിധി തേടേണ്ടി വരും. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിൽ ആണെന്നും ഭരണഘടനാ വ്യവസ്ഥയുണ്ടെന്നും ഇക്കാര്യത്തിൽ തടസമില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് പാർത്ഥ ചാറ്റർജിയുടെ പ്രതികരണം. ഭരണഘടനയുടെ 164 (4) വകുപ്പിൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും മമത മുഖ്യമന്ത്രിയാകുന്നതിൽ നിന്നും ആർക്കും തടയാനാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
നന്ദിഗ്രാമിൽ വോട്ടെണ്ണലിൽ അട്ടിമറി നടന്നുവെന്ന നിലപാട് മമത ഇന്നും ആവർത്തിച്ചിരുന്നു. അഭിനന്ദനം അറിയിച്ച് ഗവർണർ പോലും തന്നെ വിളിച്ചുവെന്നും നാല് മണിക്കൂറോളം സെർവ്വറുകൾ ഡൗൺ ആയതായും പിന്നീട് പെട്ടന്ന് കാര്യങ്ങൾ മാറി മറിഞ്ഞതായുമായിരുന്നു മമതയുടെ ആരോപണം. 1622 വോട്ടുകൾക്കാണ് സുവേന്ദു അധികാരി നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയത്.
പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുകഴിഞ്ഞു. ഇക്കാര്യത്തിൽ കോടതിയിലും ഹർജി നൽകാനുളള നീക്കത്തിലാണ് പാർട്ടി.
















Comments