യുണൈറ്റഡ് നേഷൻസ്: കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ശക്തിപ്പെടുത്തി ഐക്യരാഷ്‌ട്ര പൊതുസഭ പ്രസിഡന്റ് വോൾക്കൺ ബോജ്കീർ .ഇന്ത്യയും പാകിസ്താനും സംഭാഷണത്തിലൂടെ ഈ വിഷയം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ രീതിയിൽ പ്രശ്നം പരിഹരിക്കുന്നതിന് 1972 ൽ ഇരു രാജ്യങ്ങളും തമ്മിൽ ഷിംല കരാർ ഒപ്പുവെച്ചിട്ടുണ്ട് ,അതിനാൽ ഏതെങ്കിലും മൂന്നാം കക്ഷികൾ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സുരക്ഷാ കൗൺസിലിന്റെ പ്രമേയമനുസരിച്ച് ജമ്മു കശ്മീർ വിഷയത്തിൽ ഐക്യരാഷ്‌ട്രസഭയുടെ പങ്ക് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1972 ൽ ഈ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ഷിംല കരാറിന് വളരെ പ്രധാന്യമുണ്ട്. അതനുസരിച്ച് ജമ്മു കശ്മീർ പ്രശ്‌നം ഇരു രാജ്യങ്ങളും തമ്മിൽ സമാധാനപരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ സംഭാഷണം നടത്തുന്നത് നയതന്ത്ര ബന്ധത്തിന് അനുകൂലമാണെന്നും അതിനെ പിന്തുണയ്‌ക്കുന്നുവെന്നും ബോജ്കീർ വ്യക്തമാക്കി.
തുർക്കി നയതന്ത്രജ്ഞനും രാഷ്‌ട്രീയ നേതാവുമാണ് ബോജ്കീർ. 2020 മുതൽ ഐക്യരാഷ്‌ട്ര പൊതുസഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.
1972 ൽ ആണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും ഷിംല കരാറിൽ ഒപ്പിട്ടത്. ജമ്മു കശ്മീർ പ്രശ്‌നം ഇരു രാജ്യങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടേണ്ടതാണെന്ന് കരാറിൽ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തിൽ ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും കരാറിൽ സൂചനയുണ്ട്.
















Comments