ന്യൂഡൽഹി: കൊറോണയുടെ രണ്ടാം തരംഗത്തിനെതിരെ ശക്തമായി പോരാടുന്ന ഇന്ത്യയ്‌ക്ക് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക അതിഥിയായി പങ്കെടുത്ത യോഗത്തിലാണ് യൂറോപ്യൻ യൂണിയൻ പിന്തുണ പ്രഖ്യാപിച്ചത്. വളരെ വെല്ലുവിളി നിറഞ്ഞ കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും യുറോപ്യൻ യൂണിയൻ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും പ്രസിഡന്റ് ഉർസുല വോൺഡെർ ലെയ്ൻ പറഞ്ഞു.
കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് തങ്ങളുടെ പൂർണ പിന്തുണ അറിയിക്കുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്താനാകുമെന്നതിനെ കുറിച്ച് കൂടുതൽ ചർച്ച നടക്കും. യൂറോപ്യൻ യൂണിയനും ഇന്ത്യയും ഒറ്റക്കെട്ടായി നിന്നാൽ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും ഉർസുല പറഞ്ഞു.
ഇന്ത്യയിലും യൂറോപ്പിലും മറ്റ് ലോകരാജ്യങ്ങളിലും കൊറോണ മൂലമുണ്ടായ നഷ്ടങ്ങളിൽ യൂറോപ്യൻ യൂണിയൻ അതിയായ ഖേദം രേഖപ്പെടുത്തുന്നു. മഹാമാരിയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിലും പങ്കുചേരുന്നതായും യൂറോപ്യൻ യൂണിയൻ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിന് നൽകുന്ന പിന്തുണയിലും സമയബന്ധിതമായ സഹായത്തിനും നന്ദി അറിയിക്കുന്നതായി ഇന്ത്യ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ആദ്യ ഘട്ടങ്ങളിൽ ഇന്ത്യ പല രാജ്യങ്ങൾക്കും സഹായമെത്തിച്ചുകൊണ്ട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. ബെൽജിയം പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂ, സ്പാനിഷ് പ്രസിഡന്റ് പെട്രോ സാചെസ് എന്നിവരും ഇന്ത്യയെ അനുസ്മരിച്ചു. യൂറോപ്യൻ കൗൺസിൽ ചാൾസ് മൈക്കിളിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
















Comments