ഭാരതീയ സാംസ്കാരിക പാരമ്പര്യത്തിൽ ഉറച്ചു നിന്ന മഹാ പ്രതിഭയെയാണ് സാഹിത്യകാരനും തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ എന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി വിടപറഞ്ഞതോടെ നഷ്ടമായത്. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അദ്ധ്യാപകൻ, നടൻ, ആന വിദഗ്ദൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽശ്രദ്ധേയനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ . 1941 ജൂണ്‍ 23ന് കിരാലൂരില്‍ ജനിച്ചു. സംസ്കൃതം, ഹസ്തായുര്‍വേദം എന്നിവ അഭ്യസിച്ചു . കൊടുങ്ങല്ലൂരില്‍ സംസ്കൃത അദ്ധ്യാപകന്‍ ആയും ശാന്തി ആയും ജോലി നോക്കി. ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്.
പൂമുള്ളി ആറാം തമ്പുരാന്‍ ആണ് ആന ചികിത്സയിൽ ഗുരു. സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമ ഭാട്ടാരക അനംഗാനന്ദ തീര്‍ഥ പാദശ്രീ ഗുരുവുമാണ് ഗുരുക്കന്മാര്‍. മാടമ്പിന്റെ നോവലുകളും കഥകളും കേരള സമൂഹത്തിന്റെ നേർ ചിത്രങ്ങളാണ്. തിരക്കഥകളും വളരെ ജനപ്രിയങ്ങളായിരുന്നു. 2000 ല്‍ ജയരാജിന്റെ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചനക്ക് ദേശീയ പുരസ്കാരം ലഭിച്ചു. നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഭ്രഷ്ട്, അശ്വത്ഥാമാ, കരുണം, ഗൗരീശങ്കരം, പരിണയം, മകള്‍ക്ക്, ശലഭം എന്നീ മലയാള സിനിമകളുടെ തിരക്കഥകൾ മാടമ്പിന്റെതാണ്. ആനച്ചന്തം, പോത്തൻ വാവ, വടക്കുംനാഥൻ, അഗ്നിനക്ഷത്രം, കാറ്റുവന്നു വിളിച്ചപ്പോൾ, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, ആറാംതമ്പുരാൻ, അശ്വത്ഥാമാവ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2001ൽ ബി.ജെ.പി. സ്ഥാനാർഥിയായി കൊടുങ്ങല്ലൂർ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
ഇടത് സഹയാത്രികനായിരുന്ന മാടമ്പ് ദേശീയ പക്ഷത്തേക്ക് നീങ്ങിയതും സ്ഥാനാർഥിയായതും വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു. സാംസ്‌കാരികസംഘടനയായ തപസ്യയുടെ സംസ്ഥാന അദ്ധ്യക്ഷനായും അദ്ദേഹം സാംസ്കാരിക രംഗത്ത് സജീവമായിരുന്നു .
















Comments