കൊച്ചി: ആരോഗ്യമേഖലയിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച കെ.കെ ഷൈലജയ്‌ക്ക് തുടർഭരണത്തിൽ മന്ത്രിസ്ഥാനം നിഷേധിച്ചതിൽ സോഷ്യൽമീഡിയയിൽ പ്രതിഷേധം. നടിമാരായ പാർവതി തിരുവോത്ത്, അഹാന കൃഷ്ണകുമാർ, റിമ കല്ലിങ്കൽ, സംവിധായക ഗീതു മോഹൻദാസ്, അവതാരക രഞ്ജിനി ഹരിദാസ് തുടങ്ങിയവർ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പാർവതി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റ് ഓഫ് ആക്കിയിട്ടുണ്ട്. സമർത്ഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല എന്നാണ് പാർവതി വ്യക്തമാക്കിയത്. അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാർവതി കുറിച്ചു. ഗൗരിയമ്മയും ശൈലജ ടീച്ചറും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ഗീതു മോഹൻദാസ് എത്തിയത്. ഈ ചിത്രത്തിൽ ഗീതു മോഹൻദാസ് പറയാതെ പറഞ്ഞിട്ടുണ്ട് എല്ലാം. കഴിവുണ്ടായിട്ടും എത്രയോ വർഷങ്ങൾക്ക് മുൻപ് ലഭിക്കേണ്ടിയിരുന്ന വനിതാ മുഖ്യമന്ത്രിയെയാണ് കേരളത്തിന് നഷ്ടപ്പെട്ടതെന്നു ഗൗരിയമ്മയുടെ വേർപാടിൽ കേരളം ഓർത്തിരുന്നു.
ഗീതു മോഹൻദാസിന്റെ മറ്റൊരു പോസ്റ്റ് ഷെയർ ചെയ്താണ് അഹാനയുടെ പ്രതികരണം. അപ്രതീക്ഷിതവും, അപമാനകരവും, വിഡ്ഢിത്തവും നിറഞ്ഞ തുടക്കം എന്നാണ് രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്. പെണ്ണിന് എന്താ കുഴപ്പം എന്ന ഷൈലജ ടീച്ചറുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു റിമ കല്ലിങ്കലിന്റെ പോസ്റ്റ്. തെരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയവും 5 വർഷത്തെ ലോകോത്തര സേവനവും നൽകിയ ഷൈലജ ടീച്ചർക്ക് സിപിഐ (എം) ൽ ഇടം നൽകാൻ കഴിയുന്നില്ലെങ്കിൽ, എന്ത് ചെയ്യാനാകും? എന്നും റിമ കല്ലിങ്കൽ കുറിച്ചു. ഷൈലജ ടീച്ചറെ തിരികെ വേണമെന്ന ഹാഷ് ടാഗോടെയാണ് റിമ കല്ലിങ്കലിന്റെ പ്രതികരണം.
















Comments