ജയ്പുർ: രാജസ്ഥാനിൽ ബ്ലാക്ക് ഫംഗസ് (മ്യൂക്കോർമൈകോസിസ്) ബാധ വർദ്ധിക്കുന്നു. ഇതോടെ ബ്ലാക്ക് ഫംഗസിനെ രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാർ ബുധനാഴ്ച പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. 2020 ലെ രാജസ്ഥാൻ എപ്പിഡമിക് ആക്ട് പ്രകാരമാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അഖിൽ അറോറ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് നൂറിൽ അധികം ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കൊറോണ രോഗികൾക്കുള്ള ചികിത്സയ്‌ക്കൊപ്പം തന്നെ സമാന്തരമായി ‘ബ്ലാക്ക് ഫംഗസ്’ ബാധയേറ്റവർക്കുള്ള ചികിത്സയും ഒപ്പം അവബോധവും തീർക്കുന്നതിനാണ് പകർച്ചവ്യാധിയായി ഇതിനെ പ്രഖ്യാപിച്ചതെന്ന് അഖിൽ അറോറ അറിയിച്ചു.
കൊറോണ രോഗബാധ ഭേദമായവരിലും രോഗം ഭേദപ്പെട്ടുവരുന്നവരിലുമാണ് രാജ്യത്തിന്റെ പലഭാഗത്തും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത്. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാൽ പൊതുവേ ഇത് മാരകമായ ഒന്നല്ല. മുഖം മുഴുവൻ പാടുകളും നീരും വരുന്നതാണ് പ്രധാന ലക്ഷണം. മാരകമായ രോഗമല്ലെങ്കിൽ കൂടി വളരെയധികം ശ്രദ്ധ ഇക്കാര്യത്തിൽ പുലർത്തേണ്ടതുണ്ട്.
രാജസ്ഥാന് പുറമെ ഡൽഹി, മഹാരാഷ്‌ട്ര, കേരളം, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, ഹരിയാന, ബിഹാർ തുടങ്ങി സംസ്ഥാനങ്ങളിൽ ‘ബ്ലാക്ക് ഫംഗസ്’രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരളത്തിൽ ഇതുവരെ പതിനഞ്ച് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡൽഹി എയിംസിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗികളുടെ എണ്ണം നൂറിലധികമായി.
















Comments