ഹൈദരാബാദ്: രാജസ്ഥാന് പിന്നാലെ ബ്ലാക്ക് ഫംഗസിനെ(മ്യൂക്കോർമൈക്കോസിസ്) പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. 1897ലെ കർണാടകയിലെ പകർച്ചവ്യാധി നിയമത്തിൽ ഉൾപ്പെടുത്തിയാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് നടപടി.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചവരുടേയും സംശയിക്കുന്നവരുടേയും റിപ്പോർട്ട് ദിവസവും സർക്കാരിന് നൽകണമെന്നും നിർദ്ദേശമുണ്ട്. ബ്ലാക്ക് ഫംഗസ് പരിശോധനയും ചികിത്സയും ഐസിഎംആർ മാർഗനിർദ്ദേശം അനുസരിച്ചായിരിക്കും. നിലവിൽ 80 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രാജസ്ഥാനിൽ ബ്ലാക്ക് ഫംഗസ് രോഗബാധ ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. കൊറോണ രോഗികൾക്കുള്ള ചികിത്സയ്‌ക്കൊപ്പം തന്നെ സമാന്തരമായി ‘ബ്ലാക്ക് ഫംഗസ്’ ബാധയേറ്റവർക്കുള്ള ചികിത്സയും ഒപ്പം അവബോധവും തീർക്കുന്നതിനാണ് പകർച്ചവ്യാധിയായി ഇതിനെ പ്രഖ്യാപിച്ചതെന്ന് രാജസ്ഥാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അഖിൽ അറോറ അറിയിച്ചിരുന്നു.
















Comments