മുംബൈ: ടീം ഇന്ത്യയുടെ പുരുഷ വനിതാ ക്രിക്കറ്റ് താരങ്ങളെല്ലാം കർശന വ്യവസ്ഥകളോടെ ക്വാറന്റൈനിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിലേക്കുള്ള പരമ്പരയ്‌ക്ക് മുന്നോടിയായാണ് ബി.സി.സി.ഐയുടെ ക്വാറന്റൈൻ സംവിധാനത്തിലേക്ക് താരങ്ങൾ പ്രവേശിച്ചത്. എട്ടുദിവസത്തെ ക്വാറന്റൈന് ശേഷം താരങ്ങൾ ഇംഗ്ലണ്ടിലേക്ക് ജൂൺ 2-ാം തീയതി പുറപ്പെടും. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്ത് ഹയാത് ഹോട്ടലിലാണ് ടീം ഇന്ത്യ ക്വാറന്റൈനിൽ കഴിയുന്നത്.
ടീം ഇന്ത്യയുടെ പുരുഷ താരങ്ങൾക്ക് രണ്ടു സുപ്രധാന മത്സരങ്ങളാണ് ഇംഗ്ലണ്ടിലുള്ളത്. ന്യൂസിലാന്റുമായി ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനാണ് ഇന്ത്യ ആദ്യം ഇറങ്ങുന്നത്. ആദ്യ പോരാട്ടം ജൂൺ 18നാണ് നടക്കുന്നത്. തുടർന്ന് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റുകൾ മാത്രമുള്ള പരമ്പര ആഗസ്റ്റ് മാസത്തിൽ ആരംഭിക്കും. ആദ്യ ടെസ്റ്റ് ആഗസ്റ്റ് നാലിനാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ അവസാന മത്സരം സെപ്തംബർ 10 മുതൽ 14 വരെ നടക്കും.
പുരുഷതാരങ്ങളിൽ വൃദ്ധിമാൻസാഹയും പ്രസിദ്ധ്കൃഷ്ണയും കൊറോണ ഭേദമായതിനെ തുടർന്ന് രണ്ടു ദിവസം മുന്നേ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. മുഖ്യപരിശീലകനായ രവിശാസ്ത്രിയും നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇന്നലെ ഹോട്ടലിലെത്തി. താരങ്ങളുടെ കുടുംബത്തെ പര്യടനത്തിൽ ഒപ്പം കൂട്ടുന്ന കാര്യത്തിൽ ഉടൻ
തീരുമാനമാകുമെന്നും രവിശാസ്ത്രി പറഞ്ഞു. മൂന്നു മാസം കുടുംബത്തിൽ നിന്നും അകന്നു നിൽക്കാൻ സാധിക്കില്ലെന്നതിനാൽ ബി.സി.സി.ഐ അതിനുള്ള സംവിധാനം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
വനിതാ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത് ജൂൺ 16നാണ്. ഒരു ടെസ്റ്റ്, മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്.
















Comments