വാഷിംഗ്ടൺ: കൊറോണ പ്രതിരോധത്തിൽ ഇന്ത്യയെ സഹായിക്കുന്നതിനൊപ്പം വാക്‌സിൻ നിർമ്മാണത്തിലും കൈകോർക്കുമെന്ന് അമേരിക്ക. അമേരിക്കയുടെ കോൺഗ്രസ്സ് പ്രതിനിധി ബ്രാഡ് ഷെർമാനാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി എല്ലാ സാദ്ധ്യതകളും ചർച്ച ചെയ്തത്. ഒപ്പം ഇന്ത്യാ-പെസഫിക് മേഖലയിലെ സുരക്ഷാ വിഷയങ്ങളും ചർച്ചചെയ്തു.
ഷെർമാൻ ഇന്ത്യയ്‌ക്ക് വേണ്ട സഹായങ്ങളെ സംബന്ധിച്ചും വാക്‌സിൻ നിർമ്മാണത്തെ സംബന്ധിച്ചും ഇന്ത്യൻ അംബാസഡർ തരൺജീത് സിംഗ് സന്ധുവുമായി തുടർ ചർച്ചകൾ നടത്താമെന്നാണ് ധാരണ. നാളെ വരെയാണ് എസ്.ജയശങ്കർ അമേരിക്കയിൽ തുടരുന്നത്. കൊറോണ പ്രതിരോധത്തിനുള്ള അവശ്യവസ്തുക്കളുടെ നീക്കം, അമേരിക്കയിൽ നിന്നുള്ള വാക്‌സിൻ ഇന്ത്യയിലെത്തിക്കാനുള്ള സംവിധാനം., വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച ആരോഗ്യവകുപ്പുകളുടെ റിപ്പോർട്ടുകൾ എന്നിവ ചർച്ചചെയ്യാനാണ് ജയശങ്കർ പ്രധാനമായും അമേരിക്കയിലെത്തിയത്.
ഏഷ്യൻ മേഖലയിലെ സുരക്ഷാ പ്രശ്‌നവും ഇന്ത്യൻ പൗരന്മാരുടെ വിസ വിഷയവും ഇന്നും നാളെയുമായി ചർച്ച ചെയ്യും. അമേരിക്കയുടെ പ്രതിരോധ വകുപ്പുമായും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റുമായും ചർച്ചകൾ നടക്കുമെന്നാണ് ഇന്ത്യൻ വിദേശകാര്യവകുപ്പ് അറിയിച്ചത്.
















Comments