ന്യൂഡൽഹി: ഇന്ത്യയിൽ പാതിവഴി മുടങ്ങിയ ഐ.പി.എൽ മത്സരങ്ങൾ യു.എ.ഇയിൽ പൂർത്തായാക്കാനുള്ള ചർച്ച അവസാന ഘട്ടത്തിൽ. ശനിയാഴ്ച ചേരുന്ന ബി.സി.സി.ഐ യോഗം തീരുമാനം അറിയിക്കും. സെപ്തംബർ 15 മുതൽ ഒക്ടോബർ 15വരെ കഴിഞ്ഞ വർഷം നടന്ന അതേ മാതൃകയിൽ മത്സരം നടത്താനാണ് തീരുമാനം. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തെ ബാധിക്കാതെ മത്സരം പൂർത്തിയാക്കാനുള്ള സാദ്ധ്യതയാണ് പരിഗണിക്കുന്നത്. ഇനി 31 മത്സരങ്ങളാണ് പൂർത്തിയാക്കാനുള്ളത്.
ആഴ്ചയിൽ നാലുദിവസങ്ങളിലായി ഒരു ദിവസം രണ്ടു മത്സരം വീതം നടത്തി ഐ.പി.എൽ പൂർത്തിയാക്കുമെന്നാണ് സൂചന. അന്തിമ തീരുമാനം ശനിയാഴ്ച എടുക്കും. ഫ്രാഞ്ചൈസി കൾക്ക് ഐ.പി.എൽ മത്സരങ്ങളെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ബി.സി.സി.ഐ നൽകിയിട്ടില്ല. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനും ടി20 ലോകകപ്പിനും ഇടയിലുള്ള 30 ദിവസമാണ് ഇന്ത്യ ഐ.പി.എല്ലിനായി നീക്കിവെയ്‌ക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഇതിനിടെ ടി20 ലോകകപ്പും ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേയ്‌ക്ക് മാറ്റാനും ഐ.സി.സി ആലോചിക്കുകയാണ്. ഇന്ത്യയിൽ നടക്കേണ്ട ആഭ്യന്തര മത്സരങ്ങളെ സംബന്ധിച്ച് തീരുമാനം എടുക്കാൻ വെർച്വൽ യോഗം നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്.
















Comments