കാലിഫോർണിയ: അമേരിക്കയിൽ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു. കാലിഫോർണിയയിൽ ഇന്നലെ നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. കൂടുതൽ പേർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും വർദ്ധിക്കാമെന്നുമാണ് സൂചന. രാവിലെ 6.34നാണ് വെടിവെപ്പ് നടന്നത്. സാൻ ജോസ് റെയിൽ യാർഡിലാണ് അക്രമി വെടിയുതിർത്തത്. സംഭവസ്ഥലത്തുവെച്ച് അക്രമിയും കൊല്ലപ്പെട്ടതായി സാന്റാ ക്ലാര കൗണ്ടി പോലീസ് അറിയിച്ചു. ഒരു മാസത്തിനിടെ അമേരിക്കയിൽ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.
‘കാലിഫോർണിയയിലെ സാൻ ജോസ് മേഖലയിൽ വാലീ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി കേന്ദ്രത്തിൽ വെടിവെപ്പ് നടന്നു. എട്ടുപേരാണ് അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ടത്. അക്രമിയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യയും ഉയരാനാണ് സാദ്ധ്യത. അന്വേഷണം സാന്റാ ക്ലാര പോലീസ് ഏറ്റെടുത്തിട്ടുണ്ട്.’ പോലീസ് വക്താവ് റസ്സൽ ഡേവിസ് അറിയിച്ചു.
അതോറിറ്റി കെട്ടിടത്തിൽ ആസൂത്രിതമായാണ് അക്രമി കയറിയതെന്നും കെട്ടിടത്തിൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കിയെന്നും പോലീസ് അറിയിച്ചു.
















Comments