കവരത്തി: ലക്ഷദ്വീപിൽ കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സന്ദർശനം അനുവദിക്കാത്തതെന്ന് ഭരണകൂടം. ഇക്കാരണം വ്യക്തമാക്കി ബിനോയ് വിശ്വം എംപിയ്‌ക്ക് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് രേഖാമൂലം കത്ത് നൽകി. ദ്വീപിലേയ്‌ക്ക് വരുന്നവർ നിലവിൽ ഏഴ് ദിവസം ക്വാറന്റീനിൽ പോകണം. സ്ഥിതിമെച്ചപ്പെട്ടാൽ സന്ദർശനം നടത്താമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അതേ സമയം ലക്ഷദ്വീപിൽ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും നീട്ടി. ഒരാഴ്‌ച്ചത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ് മിനിക്കോയി അടക്കം അഞ്ച് ദ്വീപുകളിലാണ് അടച്ചിടൽ പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിറക്കിയത്. കൂടാതെ അഞ്ച് ദ്വീപുകളിൽ രാത്രികാല കർഫ്യൂവും ഏർപ്പെടുത്തുമെന്ന് കളക്ടർ അസ്‌കർ അലി അറിയിച്ചു.
ലക്ഷദ്വീപിൽ നിലവിൽ 2006 സജീവ കേസുകളാണ് ഉള്ളത്.കവരത്തി, കൽപെയ്‌നി, അമിനി, മിനികോയ്, അന്ത്രോത്ത് എന്നീ ദ്വീപുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. ഇവിടെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. കിൽത്തൻ, ചെറ്റ്‌ലത്ത്, ബിത്ര, കട്മത്, അഗത്തി എന്നിവിടങ്ങളിൽ രാത്രികാല കർഫ്യൂവും ഏർപ്പെടുത്തി.
കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഐഡികാർഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ജോലി സ്ഥലത്ത് എത്താനുള്ള അനുമതി ഉണ്ട്. ജലവിതരണം അടക്കമുള്ള അവശ്യ സേവനങ്ങൾക്ക് ഇളവുണ്ടാകും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
















Comments