ന്യൂഡൽഹി: ലോകത്തിലെ മിക്ക രാജ്യങ്ങളും ജനസംഖ്യാ വർദ്ധനവിനെ ആശങ്കയോടെയാണ് കാണുന്നതെങ്കിലും ചൈനയിലെ സ്ഥിതി വളരെ വ്യത്യസ്തമാണ്. ജനസംഖ്യാവർദ്ധനവ് ചൈനയ്ക്ക് വളരെ ആവശ്യമായി വന്നിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചൈനയിലെ ജനസംഖ്യ വളരെ വേഗത്തിൽ കുറയുന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ചൈനയ്ക്ക് യുവാക്കളുടെ കുറവ് നേരിടേണ്ടിവരാം. അതിവേഗം കുറയുന്ന ജനസംഖ്യയിൽ സർക്കാർ തലങ്ങളിൽ വളരെയധികം ആശയകുഴപ്പമുണ്ടാക്കുന്നതായാണ് ചൈനയിലെ മാദ്ധ്യമങ്ങളും പറയുന്നത്.ഇക്കാരണത്താൽ ഒരു കുടുംബത്തിൽ കുറഞ്ഞത് മൂന്നു കുട്ടികൾ വേണമെന്ന നിയമം ചൈന നടപ്പിലാക്കുകയാണ്. രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക സാധ്യതയ്ക്ക് ഭീഷണിയാകും എന്ന കാരണത്താലാണ് ജനനനിരക്ക് കുറയുന്നത് തടയാൻ ചൈന ഈ തീരുമാനം കൈക്കൊണ്ടത്.
പ്രസിഡന്റ് ഷീ ജിൻപിംഗ് അധ്യക്ഷനായ ഒരു പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം ഉണ്ടായതെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. 2015 അവസാനത്തിൽ രണ്ടുകുട്ടികൾ മതി എന്ന ‘ഒരു ചൈൽഡ് പോളിസി’ ചൈന കൈക്കൊണ്ടിരുന്നു. ഇതിലൂടെ രാജ്യത്തിന്റെ ജനനനിരക്ക് അതിവേഗം വർദ്ധിക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. നിലവിൽ, രാജ്യത്തെ ഒരു വലിയ ജനസംഖ്യയിൽ വൃദ്ധരാണ് കൂടുതലും. ഇതുമൂലം വരും കാലങ്ങളിൽ രാജ്യം യുവജനശക്തിയുടെ കുറവും നേരിടേണ്ടിവരുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ജനസംഖ്യാ വർദ്ധനവിനായി വിവാഹ ജീവിതം പ്രോത്സാഹിപ്പിക്കാനും ചൈനീസ് ഭരണകൂടം പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ആരോഗ്യ മേഖലയാണ് ഇതുസംബന്ധിച്ച് പദ്ധതികൾ തയ്യാറാക്കുന്നത്. ‘ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ നയത്തിന്റെ’ ഭാഗമാണ് ഈ പ്രോത്സാഹനം. ഇതനുസരിച്ച്, 2020 ആകുമ്പോഴേക്കും പ്രതിവർഷം 30 ലക്ഷം കുട്ടികൾ ജനിക്കണം, അങ്ങനെ 2050 ആകുമ്പോഴേക്കും 3 കോടി യുവാക്കളെ തൊഴിൽ മേഖലയിൽ ഉൾപ്പെടുത്താം എന്നാണ് ചൈനയുടെ കണക്കുകൂട്ടൽ. എന്നാൽ ജനനനിരക്ക് വർദ്ധിക്കുന്ന ‘ബേബി ബൂം’ ചൈനയിൽ കാണുന്നില്ല.
2019 നെ അപേക്ഷിച്ച് ചൈനയിലെ ജനസംഖ്യ 0.53 ശതമാനം ഉയർന്ന് 1.41178 ബില്യനായി. പത്ത് വർഷത്തിലൊരിക്കലാണ് ചൈന ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്. ഇതനുസരിച്ച് മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം 1950 കൾക്ക് ശേഷം കഴിഞ്ഞ ദശകത്തിൽ ജനസംഖ്യാ വർദ്ധനവ് മന്ദഗതിയിലാണ്. 2020 ൽ മാത്രം 1.3 ശതമാനം മാത്രമാണ് ജനനനിരക്ക്.
31 പ്രവിശ്യകൾ, സ്വയംഭരണ പ്രദേശങ്ങൾ, മുനിസിപ്പാലിറ്റികൾ എന്നിവയിൽ ഉൾപ്പെടെ 1.41178 ബില്യൺ ആണ് ചൈനയുടെ ജനസംഖ്യ. 2010 ലെ കണക്കുകളേക്കാൾ 5.8 ശതമാനം അഥവാ 72 ദശലക്ഷം വർദ്ധനവ് മാത്രമാണിത്. ചൈനയുടെ ഏഴാമത്തെ ദേശീയ സെൻസസിന്റെ കണക്കുകൾ പ്രകാരം ഹോങ്കോങ്ങും മക്കാവുവും ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
ചൈനയിൽ ജനസംഖ്യ കുറയുന്നു എന്ന് 2019 ജൂണിൽ ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോർട്ടിലും പറയുന്നു. മാത്രമല്ല ഇന്ത്യയിലെ ജനസംഖ്യ അതിവേഗം വർദ്ധിക്കുന്നുവെന്നും 2027 ഓടെ ഇന്ത്യ ചൈനയെ മറികടന്ന് ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും വലിയരാജ്യമായി മാറുമെന്നും ചൈനയുടെ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
Comments