വര്‍ഷങ്ങളായി ദുരിതജീവിതം, എന്നാല്‍ ഇപ്പോള്‍ ആ ജീവിതത്തിന് അറുതി വന്നിരിക്കുന്നു. ഉക്രെയിനിലുള്ള സര്‍ക്കസ് കൂടാരത്തിലെ കൂടിനകത്ത് പന്ത്രണ്ട് വര്‍ഷങ്ങളായി ബന്ധിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ഏകാന്തത അനുഭവിക്കുന്ന കരടി എന്ന് അറിയപ്പെടുന്ന ജംബോലീനയെ സ്വിറ്റ്‌സര്‍ലന്‍ഡിലെ അരോസ മലനിരകളിലുള്ള ദ ആരോസ ബിയര്‍ ലാന്‍ഡ് എന്ന് സംരക്ഷിത മേഖലയിലേക്ക് തുറന്നുവിട്ടു.
ജനിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കരടിയെ സര്‍ക്കസ് കൂടാരത്തില്‍ എത്തിക്കുകയും കൂട്ടില്‍ അടയ്‌ക്കുകയും ചെയ്തിരുന്നു. കാണികളുടെ കയ്യടി കിട്ടാനായി നിരവധി വിദ്യകള്‍ പരിശീലിപ്പിച്ചു. അതിനായി പല പീഡനങ്ങളും ആ മിണ്ടാപ്രാണിക്ക് അനുഭവിക്കേണ്ടി വന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം നിവര്‍ന്നു നില്‍ക്കാന്‍ പോലും ഇടയില്ലാത്ത കൂടിനുള്ളില്‍ ജംബോലീന ഒതുങ്ങിക്കൂടി. ഇതിനെ മോചിപ്പിക്കാനായി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലംകണ്ടില്ല.
എന്നാല്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കസ് നിര്‍ത്തലാക്കി. തുടര്‍ന്ന് ഫോര്‍ പോവ്‌സ് എന്ന മൃഗസംരക്ഷണ സംഘടന കരടിയെ സര്‍ക്കസില്‍ നിന്നും മോചിപ്പിച്ചു. ഇത്രയും കാലം കൂട്ടിനുള്ളില്‍ അടക്കപ്പെട്ട ശേഷം പുറത്തിറങ്ങി കുളത്തിലും മഞ്ഞിലും കളിക്കുന്ന ജംബോലീനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്.
Comments