വാഷിംഗ്ടൺ: സാമ്പത്തിക-പ്രതിരോധ മേഖലയിൽ കടന്നുകയറിയ ചൈനയെ കുരുക്കാൻ ശക്തമായ നടപടികളുമായി അമേരിക്ക. വാണിജ്യ, പ്രതിരോധ, വ്യവസായ, സാമ്പത്തിക മേഖലയിൽ വൻ നിക്ഷേപം സ്വീകരിച്ച് വളർന്ന കമ്പനികളെയാണ് അമേരിക്ക കണ്ടെത്തിയത്. 59 ചൈനീസ് കമ്പനികൾക്കെതിരെയാണ് നടപടി. ഈ കമ്പനികളുടെ അമേരിക്കയിലെ പ്രവർത്തനം നിയന്ത്രിക്കുന്നതോടൊപ്പം അതിൽ നിക്ഷേപിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.
ചൈനയുടെ 59 കമ്പനികൾ അമേരിക്കയിൽ സജീവമായിരുന്നു. പ്രതിരോധ രംഗത്തേയും റഡാർ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളുടേയും നിർമ്മാണ ഗവേഷണ രംഗത്താണ് ഇത്തരം കമ്പനികൾ മുതൽമുടക്കിയത്. രാജ്യത്തിന്റെ സുരക്ഷയ്്ക്ക് അതീവ ഭീഷണിയാകുന്ന തരത്തിൽ ചൈനയുടെ സൈനിക ഭരണകൂടത്തിന് നേരിട്ട് നിയന്ത്രണങ്ങളുള്ള കമ്പനികളാണിവ. രണ്ടുവർഷമായുള്ള നിരന്തര അന്വേഷണത്തിനൊടുവിലാണ് നിരവധി തെളിവുകളുടെ പശ്ചാത്തലത്തിൽ നടപടി എടുത്തത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ടാണ് 59 കമ്പനികളെ നിയന്ത്രിക്കാനും നിക്ഷേപം മരവിപ്പിക്കാനുമുള്ള ബില്ലിൽ ഒപ്പിട്ടത്. കഴിഞ്ഞ വർഷം 5 ജി കമ്പനിയായ വാവേയുടെ പ്രവർത്തനം അമേരിക്ക തടഞ്ഞിരുന്നു. ടെലകോം മേഖല, ചിപ്പുകളുടെ നിർമ്മാണം എന്നിവയിലെല്ലാം അമേരിക്ക നടപടി എടുത്തുകഴിഞ്ഞു. എല്ലാ മേഖലയിലും ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിനും സൈന്യത്തിനും ശക്തമായ സ്വാധീനമുണ്ടെന്ന കണ്ടെത്തലാണ് അമേരിക്കയുടെ കടുത്ത നടപടിക്ക് കാരണം.
Comments