തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ഒളിവിൽ കഴിയുന്ന സിപിഎം അനുഭാവിയും കണ്ണൂർ സ്വദേശിയുമായ ഷിഗിലിനു വേണ്ടി അന്വേഷണം തുടരുന്നു. ഷിഗിൽ ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതായാണ് സൂചന. ഇയാളെ പിടികൂടുന്നതിനായി കർണാടക പോലീസിനോട് പ്രത്യേക അന്വേഷണ സംഘം സഹായം തേടിയിട്ടുണ്ട്. ആശ്രമങ്ങൾ കേന്ദ്രീകരിച്ച് താമസിക്കുകയും ബാക്കി സമയങ്ങളിൽ കാറിൽ കറങ്ങുകയുമാണ് ഷിഗിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണത്തിൽ നിന്ന് 10 ലക്ഷം രൂപ ലഭിച്ചത് ഷിഗിലിനാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഷിഗിലിനൊപ്പം മൂന്ന് യുവാക്കളും കാറിലുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. 15-ാം പ്രതിയാണ് ഷിഗിൽ. കേസിൽ ആകെ 21 പ്രതികളാണ് ഉള്ളത്. ഇതിൽ 20 പേരെ അറസ്റ്റ് ചെയ്തു. എന്നാൽ രണ്ട് മാസം ആയിട്ടും ഷിഗിലിനെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. മൊത്തം 2 കോടിയിലേറെ രൂപ കണ്ടെത്താനുണ്ട്.
അതിനിടെ കേസിലെ എട്ട് പ്രതികളെ പോലീസ് ജയിലിൽ ചോദ്യം ചെയ്യുകയാണ്. വിയ്യൂർ ജില്ലാ ജയിലാണ് ചോദ്യം ചെയ്യൽ. എട്ട് പ്രതികളേയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കവർച്ചാപ്പണം ഒളിപ്പിച്ചത് എവിടെയാണെന്ന് കണ്ടെത്തുകയാണ് ശ്രമം. രജ്ഞിത്, മാർട്ടിൻ, മുഹമ്മദ് അലി തുടങ്ങിയ എട്ട് പേരെയാണ് ചോദ്യം ചെയ്യുന്നത്. കവർച്ച ആസൂത്രണം ചെയ്തത് മുഹമ്മദ് അലിയും, കേസിലെ മറ്റൊരു പ്രധാന പ്രതിയായ രഞ്ജിത്തും ചേർന്നാണ്.
















Comments