കൊച്ചി : വയനാട്ടിലെ മുട്ടിലിൽ നടന്ന വനം കൊള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്റ്റിന് എല്ലാ ഒത്താശകളും ചെയ്തത് റിപ്പോർട്ടർ ചാനലാണെന്ന ആരോപണം ശക്തമാകുന്നു. ഉദ്യോഗസ്ഥർക്കെതിരെ വാർത്ത നൽകി പ്രധാന പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച റിപ്പോർട്ടർ ചാനലിന് ഇതിനു പകരമായി റോജി അഗസ്റ്റിൻ കോടികളുടെ കടം തീർത്തെന്നാണ് ആരോപണം ഉയരുന്നത്. റിപ്പോർട്ടർ ചാനലിന്റെ ഓഹരിയുടമകളിൽ ഒരാളാണ് റോജി അഗസ്റ്റിനെന്നാണ് ചീഫ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മരം മുറിയിൽ നിന്നും മറ്റനധികൃത മാർഗ്ഗങ്ങളിലും നിന്ന് ലഭിക്കുന്ന പണം റിപ്പോർട്ടർ ചാനലിന്റെ കടം തീർക്കാൻ ഉപയോഗിച്ചെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ആരോപണം ഉയരുന്നത്. നേരത്തെ വൻ കടത്തിലായിരുന്നു ചാനൽ പോയ്‌ക്കൊണ്ടിരുന്നത്. ശമ്പള കുടിശ്ശിക ലഭിക്കാതെ മാദ്ധ്യമ പ്രവർത്തകർ ചാനൽ മേധാവി നികേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അതിനിടയിൽ തെരഞ്ഞെടുപ്പ് വന്നതും ഒപ്പം ഇത്തരം അനധികൃത ഇടപാടുകൾക്ക് കൂട്ടുനിന്നതും ചാനലിന് രക്ഷയായെന്നാണ് ആരോപണം ഉയരുന്നത്.
വനം കൊള്ള കേസ് ചില ഉദ്യോഗസ്ഥരുടെ തലയിൽ മനപൂർവ്വം കെട്ടിവെക്കാനുള്ള ചാനലിന്റെ ശ്രമമാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ കാരണമായത്. വനത്തിൽ നിന്നും കോടികളുടെ വീട്ടിമരം ഉദ്യോഗസ്ഥർ മുറിച്ച് കടത്തിയതായി പരാതിയെന്ന് വ്യാജവാർത്ത കൊടുത്തായിരുന്നു റിപ്പോർട്ടർ ചാനൽ റോജി അഗസ്റ്റിനെ വെള്ള പൂശാൻ ശ്രമിച്ചത്. ഇതിനായി കൊച്ചിയിൽ നിന്ന് വാഹനവും റിപ്പോർട്ടറേയും പ്രത്യേകം വിട്ടുനൽകിയതായും ആരോപണം ഉയരുന്നുണ്ട്.
അതിനിടെ മരംമുറിക്കേസിൽ മുൻ സർക്കാരിന്റെ കാലത്തെ മന്ത്രിമാർക്കും പങ്കുള്ളതായി സൂചനയുണ്ട്. ഇടത് സർക്കാരുമായി ഏറ്റവും അടുത്തു നിൽക്കുന്ന ചാനലാണ് റിപ്പോർട്ടർ ചാനൽ. ചാനൽ മേധാവിയായ നികേഷ് കുമാർ സിപിഎമ്മിനു വേണ്ടി 2016 ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
















Comments