കോഴിക്കോട്: വയനാട് മുട്ടിൽ നിന്ന് ഈട്ടി മരം കടത്തിയ ലോറി പിടികൂടി. കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വാഹനം പിടികൂടിയത്. വണ്ടി വയനാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വയനാട്ടിൽ നിന്ന് പെരുമ്പാവൂരിലേക്ക് റോജി അഗസ്റ്റിൻ ഈട്ടി മരം കടത്തിയ ലോറിയാണ് പിടികൂടിയത്. പെരുമ്പാവൂരിൽ നിന്നും ഫെബ്രുവരി എട്ടിന് ഈട്ടി മരം കസ്റ്റഡിയിലെടുത്തിരുന്നു. റവന്യു പട്ടയ ഭൂമിയിൽ നിന്ന് 15 കോടി രൂപയുടെ ഈട്ടിമരങ്ങളാണ് മുറിച്ച് കടത്തിയത്.
വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി റോജി അഗസ്റ്റിന്റെ നേതൃത്വത്തിൽ വ്യാപകമായ വനം കൊള്ള നടന്നിരിക്കുന്നത്. പലരുടേയും പട്ടയ ഭൂമിയിൽ നിന്നും ഇയാൾ സർക്കാർ ഉത്തരവ് മറയാക്കി മരങ്ങൾ മുറിച്ചെടുത്തു. മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിൻ നിലവിൽ ഒളിവിലാണ്.
ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമികളിൽ നിന്നും കഴിഞ്ഞ ഡിസംബർ ജനുവരി മാസങ്ങളിലാണ് നൂറിലധികം വർഷം പഴക്കമുള്ള മരങ്ങൾ മുറിച്ച് കടത്തുന്നത്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിട്ടുണ്ട്.
അതിനിടെ വനം കൊള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്റ്റിന് എല്ലാ ഒത്താശകളും ചെയ്തത് റിപ്പോർട്ടർ ചാനലാണെന്ന ആരോപണം ശക്തമാക്കുന്ന തെളിവുകൾ ഇന്നലെ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ വാർത്ത നൽകി പ്രധാന പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച റിപ്പോർട്ടർ ചാനലിന് ഇതിനു പകരമായി റോജി അഗസ്റ്റിൻ കോടികളുടെ കടം തീർത്തെന്നാണ് ആരോപണം ഉയരുന്നത്. റിപ്പോർട്ടർ ചാനലിന്റെ ഓഹരിയുടമകളിൽ ഒരാളാണ് റോജി അഗസ്റ്റിനെന്നാണ് ചീഫ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
















Comments