വയനാട്: വനംകൊള്ളയിലെ മുഖ്യപ്രതി റോജി അഗസ്റ്റിനെ താൻ കണ്ടിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കഴിഞ്ഞ ജൂണില്‍ ആണ് റോജി തന്നെ കണ്ടതെന്നും മന്ത്രി പറഞ്ഞു. കണ്ടത് മൊബൈല്‍ഫോണ്‍ സംരംഭവുമായി ബന്ധപ്പെട്ടാണെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ അതിന് ശേഷം പിന്നീട് കണ്ടിട്ടില്ല. ഉദ്ഘാടനച്ചങ്ങിന് തന്നെ ക്ഷണിച്ചെങ്കിലും അസൗകര്യംകാരണം പങ്കെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.
മരംമുറി കേസിലെ പ്രതികൾ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോടൊപ്പം നിൽക്കുന്ന ഫോട്ടോ നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചത് സർക്കാരിനെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ ഇത് പുതിയ ചിത്രം അല്ലായെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതികൾ തന്നെ കാണുന്നതിനു വേണ്ടി വന്നപ്പോൾ എടുത്ത ഫോട്ടോ ആണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
വനംകൊള്ളയുമായി ബന്ധപ്പെട്ട് ഇടക്കാല റിപ്പോര്‍ട്ട് തേടുമെന്നും എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വയനാട് മുട്ടില്‍ ഉള്‍പ്പടെയുള്ള അനധികൃത മരംമുറിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. പന്ത്രണ്ടുദിവസത്തിനം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആദ്യം നിർദ്ദേശം നൽകിയത്. എന്നാല്‍ പുതിയ വസ്തുതകള്‍ വന്നതിനാല്‍ അന്വേഷണ വിവരങ്ങള്‍ അപ്പപ്പോള്‍ സര്‍ക്കാരിനെ അറിയിക്കാനാണ് നിർദ്ദേശമെന്നും മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമെ മറ്റു നടപടികളിലേക്ക് കടക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
ഉദ്യോഗസ്ഥ, മാദ്ധ്യമ, ബിസിനസ് ലോബികളുടെ വലിയ ഗൂഡാലോചന തന്നെ വനംകൊള്ളയ്‌ക്ക് പിന്നിലുണ്ടെന്നാണ് നിഗമനം. അനധികൃമായി കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് ഈ സംഘം കടത്തിയത്. സംഭവത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയും കഴിഞ്ഞ ദിവസം രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
Comments