പാരീസ്: യൂറോകപ്പിലെ സൂപ്പർ പോരാട്ടത്തിൽ ഫ്രാൻസിന് ജയം. സെൽഫ് ഗോൾ പിഴവു വരുത്തിയ ജർമ്മനിയാണ് ഏക ഗോളിന്റെ വിജയം നീലപ്പടയ്‌ക്ക് സമ്മാനിച്ചത്.
ഫ്രാൻസിന്റെ അതിവേഗ മുന്നേറ്റം തടയാൻ നടത്തിയ ശ്രമമാണ് മാറ്റ്‌സ് ഹമ്മൽസിന്റെ സെൽഫ് ഗോളായി സ്വന്തം വലയിൽ പതിച്ചത്. ഗ്രൂപ്പ് എഫ് എന്ന മരണഗ്രൂപ്പിലെ ആദ്യ ജയമാണ് ഫ്രാൻസ് നേടിയത്. പോൾ പോഗ്ബയുടെ ഇടതു വിംഗിൽ നിന്നുള്ള പാസാണ് ഗോളിൽ കലാശിച്ചത്.
ബോക്‌സിന് മുന്നിലേക്കു കുതിച്ച ഹെർണാണ്ടസിനെ കവർചെയ്ത ഹമ്മൽസിന്റെ കാലിൽ തട്ടി പന്ത് ഗോളിയെ കടന്ന് ക്രോസ്ബാറിന്റെ തൊട്ടുതാഴെക്കൂടെ വലയിൽ കയറുക യായിരുന്നു.
സൂപ്പർ താരങ്ങളായ എംബാപ്പേയും പോഗ്ബയും ബെൻസേമയും ഹെർണാണ്ടസും നിറഞ്ഞുകളിച്ച മത്സരത്തിൽ നിരവധി അവസരങ്ങൾ ഫ്രാൻസ് പാഴാക്കി. ആഡ്രിയാൻ റാബിയോട്ടിന്റെ മികച്ച ഷോട്ട് പോസ്റ്റിന് വെളിയിലേക്ക് പോയപ്പോൾ എംബാപ്പെ നടത്തിയ ഗോൾ ശ്രമം ഓഫ് സൈഡ് വിധിച്ച് നിഷേധിക്കപ്പെട്ടു.
ജർമ്മനിയുടെ ക്രൂസ് നടത്തിയ കോർണർ കിക്ക് 89-ാം മിനിറ്റിൽ പാഴായപ്പോൾ സാനെയുടെ ശ്രമം ഫ്രഞ്ച് ഗോൾ പോസ്റ്റിനെ ഉരസി പുറത്തേക്ക് പോയതും ആരാധകരെ നിരാശരാക്കി. രണ്ടോ മൂന്നോ ഗോളുകൾ വീഴുമെന്നു പ്രതീക്ഷിച്ച മത്സരം ഒരു ഗോളിൽ ഒതുങ്ങിയതിലാണ് ആരാധകർക്ക് നിരാശ.
















Comments