തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. മദ്യം ബുക്ക് ചെയ്യാൻ ബെവ്ക്യൂ ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് അഭിപ്രായ വ്യത്യാസം തുടരുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ ബെവ്‌കോ പ്രതിനിധികൾ ഇന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ നാളെ മുതൽ മദ്യശാലകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഇക്കാര്യം എങ്ങനെ വേണമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. മദ്യശാലകളിൽ തിരക്ക് കുറയ്‌ക്കാൻ ആപ്പ് ഏർപ്പെടുത്തുമെന്നും ഇല്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ആപ്പ് ഉപയോഗിക്കണോ അതോ പോലീസിന്റെ സേവനം ഉപയോഗിച്ചാൽ മതിയോ എന്ന കാര്യത്തിലാണ് അവ്യക്തത തുടരുന്നത്.
നാളെ മുതൽ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ഏഴ് വരെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി. ആപ്പ് മുഖേന മാത്രമാകും വിൽപ്പന എന്ന് വ്യക്തമാക്കുമ്പോഴും ബെവ്ക്യൂ ആപ്പ് തന്നെയാണോ ഇത്തവണയും ഉപയോഗിക്കുന്നതെന്ന കാര്യത്തിൽ സർക്കാർ ഉറപ്പ് വരുത്തിയിട്ടില്ല.
പിഴവുകൾ പരിഹരിച്ച ബെവ്ക്യൂ ആപ്പ് വീണ്ടും നടപ്പാക്കാമെന്നാണ് ബെവ്‌കോയുടെ നിലപാട്. എന്നാൽ കഴിഞ്ഞ ലോക്ഡൗൺ സമയത്ത് അപാകതയുണ്ടായ ആപ്പ് വേണ്ടെന്നും പോലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കാമെന്നുമാണ് എക്‌സൈസിന്റെ അഭിപ്രായം.
















Comments