ഇടുക്കി: കാലവർഷത്തിന് മുൻപ് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് കണ്ടില്ലെന്ന് നടിച്ച് പിഡബ്ല്യൂഡി അടക്കമുള്ള സർക്കാർ വകുപ്പുകൾ. ഏത് നിമിഷവും നിലം പൊത്താവുന്ന നിരവധി ദ്രവീകരിച്ച മരങ്ങളാണ് ഇടുക്കി ഹൈറേഞ്ചിൽ റോഡുകൾക്ക് ഇരുവശവും നൽക്കുന്നത്. 2020 ഒക്ടോബർ 24 ന് റവന്യൂവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാന വ്യാപകമായി മരം മുറിച്ച് കടത്തുമ്പോൾ ഇക്കാര്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇടുക്കിയിൽ അടക്കം റോഡ് നിർമ്മാണത്തിന്റെ മറവിൽ മരം മുറിച്ച് കടത്തിയിരുന്നു.
കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കാൻ വനം പിഡബ്ല്യൂഡി വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ മഴയും കാറ്റും ശക്തമായിട്ടും ജീവന് ഭീഷണിയുണ്ടാക്കുന്ന മരങ്ങൾ മുറിച്ച് നീക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. മറിച്ച് കൊള്ളലാഭം കൊയ്യാൻ വേണ്ടി കളക്ടറുടെ ഉത്തരവുണ്ടെന്ന് കാണിച്ച് ഗുണമേന്മയുള്ള മരങ്ങൾ മുറിച്ച് നീക്കുകയും ചെയ്തു.
ഇതേ ഉത്തരവിന്റെ മറവിലാണ് പിഡബ്ല്യൂഡി, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടുക്കിയിൽ റോഡ് നിർമ്മാണത്തിന്റെ മറവിൽ മരം മുറിച്ച് കടത്തിയത്. മരം മുറിക്കാൻ അനുമതി തേടി അപേക്ഷ നൽകുകയും എന്നാൽ മരങ്ങൾ അടയാളപ്പെടുത്താൻ റവന്യൂ ഉദ്യോഗസ്ഥർ നേരിട്ടെത്തുന്നതിന് മുൻപ് മരങ്ങൾ മുറിച്ച് കടത്തുകയുമാണ് ചെയ്തത്. എന്നാൽ ഇടുക്കി ഹൈറേഞ്ചിലെ ഏത് നിമിഷവും നിലംപൊത്താവുന്ന ദ്രവിച്ച് തീർന്ന മരങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല.
















Comments